ബെംഗളൂരുവിലെ നിരത്തുകളിൽ മലയാളി യുവാക്കളുടെ ജീവൻ കവർന്ന് അപകടങ്ങൾ കൂടി വരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ നഗരത്തിലെ റോഡുകളിൽ വാഹനാപകടങ്ങളിൽ മരിച്ചത് 11 മലയാളി യുവാക്കളാണ്.20-നും 25-നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ അധികവും. രാത്രിയിലാണ് അപകടങ്ങൾ കൂടുതലും നടക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ആലപ്പുഴ മാവേലിക്കര ചെറുകോൽ മുണ്ടുവേലിൽ അനീഷ് എം. ഇടിക്കുള (33) മരിച്ചത്.
കൊത്തന്നൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. ഓഗസ്റ്റ് 16-ന് നെലമംഗല ടോൾ ഗെയ്റ്റിന് സമീപത്തുണ്ടായ ബൈക്കപകടത്തിൽ ഇടുക്കി കഞ്ഞിക്കുഴി മുണ്ടുവേലിയിൽ മുകുളേൽ ജിജോ ജോഷി (25), തൊടുപുഴ കരിമണ്ണൂർ മുണ്ടക്കൽ ലിവിൻ പൗലോസ് (23) എന്നിവരാണ് മരിച്ചത്.കോഴിക്കോട് കക്കോടി വീട്ടിൽ ജിഫ്രിൻ നസീർ (24) ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചത് ഒക്ടോബർ 14- നായിരുന്നു. രാത്രി 11.30-ഓടെ ഡൊംളൂർ ഫ്ളൈ ഓവറിന് സമീപത്തെ ഡബിൾ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ബൈക്ക് തെന്നി വീഴുകയായിരുന്നു.
മാറത്തഹള്ളിയിൽ ബൈക്കപകടത്തിൽ പുനലൂർ കല്ലാർ നെല്ലിപ്പള്ളി വേങ്ങവിള വീട്ടിൽ രോഹൻ ജയകൃഷ്ണൻ (21) മരിച്ചത് ഒക്ടോബർ 25-നാണ്. വെളുപ്പിന് 3.30-ന് ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് വടകര കൊയിലാണ്ടിവളപ്പ് മാടപ്പുല്ലന്റവിട നിയാസ് മുഹമ്മദ് (26) മരിച്ചത് നവംബർ ഒന്നിനാണ്. ബി.ടി.എം. ലേഔട്ടിലായിരുന്നു അപകടം. കൊല്ലം പട്ടത്താനം സ്വദേശി അമൽ രാജ് (19) മരിച്ചത് ഒക്ടോബറിലായിരുന്നു. നെലമംഗല റോഡിൽ ബൈക്ക് ലോറിയിലിടിച്ചായിരുന്നു അപകടം.
സിഗ്നൽ തെറ്റിച്ചെത്തിയ ലോറി ഓട്ടോറിക്ഷയിലിടിച്ച് മലയാളി യുവതി മരിച്ചത് സെപ്റ്റംബർ 28-നാണ്. കൊല്ലം പത്തനാപുരം നെടുംപറമ്പത്ത് ശരത് ഭവനത്തിൽ ബി. ശാലിനിയാണ് (24) മരിച്ചത്.പുലർച്ചെ നാലോടെ വിധാൻസൗധയ്ക്കു സമീപത്തെ കോഫി ബോർഡ് ജങ്ഷനിലായിരുന്നു അപകടം. ഇതുകൂടാതെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി നാട്ടിൽപ്പോയശേഷം മരിച്ചവരുമുണ്ട്.
കുഞ്ഞ് പിന്തുടര്ന്നത് മുത്തച്ഛൻ അറിഞ്ഞില്ല, ഒന്നര വയസുകാരൻ അഴുക്കു ചാലില്‍ മരിച്ച നിലയില്‍
വീടിന് മുന്നില്‍ സഹോദരിമാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ അഴുക്കു ചാലില്‍ മരിച്ച നിലയില്‍.കൃഷ്ണ ഓം പ്രകാശ് ഗുപ്ത എന്ന പിഞ്ചുബാലനെയാണ് അഴുക്കു ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ താനെയ്ക്ക് സമീപത്തെ കല്‍വയിലാണ് ദാരുണ സംഭവം. ഏഴും മൂന്നും വയസ് പ്രായമുള്ള സഹോദരിമാർക്കൊപ്പം കളിക്കുകയായിരുന്ന ഒന്നര വയസുകാരൻ ചന്തയിലേക്ക് പോയ മുത്തച്ഛനെ പിന്തുടർന്നപ്പോഴാണ് തുറന്ന് കിടന്നിരുന്ന അഴുക്ക് ചാലില്‍ വീണതെന്നാണ് സംശയിക്കുന്നത്.
കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് വീടിന് സമീപത്ത് ഒരു ചായക്കടയുണ്ട്. കുട്ടി പിന്നാലെ വരുന്നത് മുത്തച്ഛൻ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാദേശിക വിവരം. തുറന്ന് കിടന്ന ഗേറ്റിലൂടെ മുത്തച്ഛനെ പിന്തുടർന്ന ഒന്നര വയസുകാരൻ അഴുക്ക് ചാലിലേക്ക് അബദ്ധത്തില്‍ വീണതായാണ് വിവരം. കുട്ടിയെ മുത്തച്ഛൻ പുറത്ത് കൊണ്ട് പോയതാണെന്ന ധാരണയിലായിരുന്നു മാതാപിതാക്കളുണ്ടായിരുന്നത്. മുത്തച്ഛൻ തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാതെ വന്നതോടെയാണ് കുടുംബം ഒന്നര വയസുകാരനായി തെരച്ചില്‍ ആരംഭിച്ചത്. വീട്ടുകാർ പൊലീസില്‍ വിവരം അറിയിക്കുകയും അയല്‍വാസികളുമായി ചേർന്ന് പരിസരത്ത് തെരച്ചില്‍ നടത്താനും തുടങ്ങി.
ഇതിനിടയിലാണ് വീടിന് സമീപത്തായുള്ള അഴുക്ക് ചാലില്‍ കെട്ടി നിന്ന വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കമ്ബ് കൊണ്ട് പരിശോധന നടത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം പൊന്തി വരികയായിരുന്നു.ബൃഹന്മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ നല്കുന്ന വിവരങ്ങള്‍ അനുസരിച്ച് മേഖലയിലെ അഴുക്ക് ചാലുകളില്‍ ഏറിയ പങ്കും തുറന്ന് കിടക്കുന്ന നിലയിലാണ്. പലയിടത്തും പ്രദേശവാസികളാണ് ചെറിയ രീതിയിലെങ്കിലും അഴുക്ക് ചാല് മൂടി വച്ചിട്ടുള്ളത്. കുഞ്ഞിന്റെ കുടുംബം അഴുക്ക് ചാല് കയ്യേറിയിട്ടുണ്ടെന്നും ഇവർ വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളാനായി ചെറിയ രീതിയില്‍ വീടിന് സമീപത്തായി അഴുക്ക് ചാല് ചെറിയ രീതിയില്‍ തുറന്നിട്ടിരുന്നുവെന്നും ഇതിലൂടെ കുട്ടി ചാലിലേക്ക് വീണതായുമാണ് ബൃഹന്മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.