മലയാളി യുവതി കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. കൊല്ലം, ഇരവിപുരം സ്വദേശി അനീറ്റ ബെനാൻസ് (25)നെയാണ് കാനഡയിലെ ടൊറാന്റോയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരവിപുരം കോട്ടൂർ പടിഞ്ഞാറ്റതില്‍ ഐശ്വര്യാ നഗറിലെ ആന്റണി വില്ലയില്‍ ബെനാൻസ് അല്‍ഫോൻസിന്റെയും രജനിയുടെയും മകളാണ്. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ഒരു ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം ഉണ്ടായിരുന്ന അനീറ്റയുടെ റൂംമേറ്റുകളാണ് ശുചിമുറിയില്‍ വീണു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.
ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ കാനഡ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതിനുശേഷം നടത്തിയ പോസ്റ്റ്മോർട്ടം പൂർത്തിയായെങ്കിലും, അന്വേഷണം പൂർത്തിയായതിന്ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളു.തിങ്കളാഴ്ചയും അമ്മ രജനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പനി ആയതിനാല്‍ രണ്ട് ദിവസമായി അവധിയിലായിരുന്ന് പറഞ്ഞിരുന്നു.ഏക സഹോദരൻ നിഖില്‍. കാനഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.