ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈ ചോളാർപ്പേട്ടയ്ക്കടുത്തുവെച്ച് തീവണ്ടിയില്‍നിന്നുവീണ് മരിച്ചു.ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറുമണിയോടെ അപകടത്തില്‍പ്പെട്ടത്. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭർത്തൃപിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭർത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസില്‍ യാത്രതിരിച്ചത്.രാവിലെ ആറിന് എഴുന്നേറ്റ് ശൗചാലയത്തിലേക്കു പോകണമെന്നു പറഞ്ഞ രോഷ്ണിയെ രാജേഷ് അവിടെവരെ അനുഗമിച്ചിരുന്നു. പിന്നീട് അവിടെനിന്നു മാറിനിന്ന രാജേഷ് ഏറെസമയം കഴിഞ്ഞിട്ടും രോഷ്ണി ഇറങ്ങിവരാത്തതുകണ്ട് നോക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ചോളാർപ്പേട്ടിനടുത്ത് റെയില്‍വേട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ബിരുദാനന്തര ബിരുദധാരിയായ രോഷ്ണി മൂന്ന് പിഎസ്സി പരീക്ഷകളിലും ദേവസ്വംബോർഡ് പരീക്ഷയിലും വിജയിച്ച് ജോലി പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായ ദുരന്തമെത്തിയത്.മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ശുകപുരത്തെ വീട്ടിലെത്തിച്ച് വെള്ളിയാഴ്ച സംസ്കാരം നടക്കും. രോഷ്ണിയുടെ അച്ഛൻ സദാനന്ദൻ ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രം ട്രസ്റ്റി ബോർഡ് മുൻ ചെയർമാനും ശുകപുരം മില്‍ക്ക് ഫാർമേഴ്സ് സംഘം ചെയർമാനുമാണ്. അമ്മ: ശ്രീകല. മകള്‍: ഋതുലക്ഷ്മി. സഹോദരി: സനില