ബെംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ അതിക്രമമെന്ന് പരാതി. ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി.ബെംഗളൂരുവിലെ രാമമൂർത്തി നഗറില്‍ എൻ ആർ ഐലെ ഔട്ടില്‍ വെച്ചായിരുന്നു സംഭവം. വിഷയത്തില്‍ യതീഷ് എന്ന ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും എഫ്‌ഐആറില്‍ പൊലീസ് പേര് ചേർത്തിട്ടില്ലെന്നും യുവതി ആരോപിച്ചു. പരാതിയില്‍ അജ്‍ഞാതനായ ഒരാളാണ് അതിക്രമം നടത്തിയിരിക്കുന്നതെന്നും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നുമാണ് എഫ്‌ഐആറിലുള്ളത്.
ഇത് ചോദ്യം ചെയ്ത് യുവതി കർണാടക ഡിജിപിയ്ക്കും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നല്‍കി.ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യവെ നായ്ക്കൂട്ടങ്ങള്‍ പിന്നാലെ വരികയായിരുന്നു. തുടര്‍ന്ന് വണ്ടി നിർത്തി യുവതി ഒരു കല്ലെടുത്ത് പട്ടികള്‍ക്ക് നേരെ എറിഞ്ഞു. ഇതുകണ്ടുകൊണ്ട് വന്ന പ്രദേശവാസിയാണ് ഇവര്‍ക്കെതിരെ അതിക്രമം നടത്തിയത്. പട്ടികളെ കല്ലെറിഞ്ഞത് എന്തിനാണെന്ന് ചോദ്യം ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു യുവതി മറുപടി നല്‍കിയത്.താന്‍ ഭക്ഷണം കൊടുത്ത് തീറ്റിപോറ്റുന്ന നായയാണെന്നും ഇതിനെ കല്ലെറിയാന്‍ സമ്മതിക്കില്ലായെന്നും ഇയാള്‍ പറഞ്ഞു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. പട്ടി കടിച്ചാല്‍ മാത്രം പരാതി പറഞ്ഞാല്‍ മതി, അതിന് മുന്‍പ് കല്ലെറിയുന്നത് നല്ല രീതിയല്ലെന്നും പറഞ്ഞ യുവാവ് പരാതിക്കാരിയുടെ മുഖത്തടിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടി. അവരുടെ മുന്നില്‍വെച്ചും യുവതിക്ക് നേരെ ഇയാള്‍ അപമര്യാദയോടെ പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.ഒരു കൂട്ടം തെരുവുപട്ടികള്‍ എൻ്റെ വാഹനത്തിന് പിന്നാലെ ഓടി. വളരെ അഗ്രസീവായിട്ടുള്ള നായകളായിരുന്നു. വണ്ടി നിർത്തി പട്ടികള്‍ക്ക് നേരെ കല്ലെറിഞ്ഞു.
ആ സമയം അടുത്തുള്ള വീട്ടില്‍ നിന്ന് ഒരു പയ്യൻ ഇറങ്ങിവന്നു. നിങ്ങള്‍ എന്താണ് ചെയ്യുന്നത്, നായ്ക്കളെ കല്ലെറിയുന്നോ? വാക്സിനേറ്റ് ചെയ്ത നായ്ക്കളാണെന്നും പറഞ്ഞു. മറുപടി പറയാതെ വണ്ടിയെടുക്കാൻ പോയപ്പോള്‍ വണ്ടിയില്‍ കീ ഇല്ല. കീ അവന്റെ കയ്യിലാണെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു . കീ തരാൻ പറഞ്ഞ് ഞങ്ങള്‍ തമ്മില്‍ തർക്കമുണ്ടായി. കീ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടയില്‍ എൻ്റെ മുഖത്തടിച്ചു. അടിച്ചപ്പോള്‍ തന്നെ എൻ്റെ കണ്ണട താഴെ വീണു. ചെറിയ മുറിവും ഉണ്ടായി. അപ്പോള്‍ ആ യുവാവിന്റെ അമ്മയോ ആരോ ഒരാള്‍ കീ വലിച്ചെറിഞ്ഞു. കീ എടുത്ത് ഞാൻ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കി’, യുവതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്ന് യുവതി കൂട്ടിച്ചേർത്തു.