വെള്ളമുണ്ട: മലയാളിക്കർഷകരുടെ ഒരുകാലത്തെ വിളനിലമായിരുന്ന കർണാടകയില്‍ കൃഷി വെല്ലുവിളിയാകുന്നു. ഉയർന്ന ഉത്പാദനച്ചെലവും വിളനാശവും വിലത്തകർച്ചയുമെല്ലാമാണ് കർണാടകയിലേക്ക് കൃഷിക്കായി ചേക്കേറിയ കർഷകർക്ക് തിരിച്ചടിയാകുന്നത്.
വർഷങ്ങള്‍ക്കുശേഷം ഇത്തവണ ഇഞ്ചിക്കും വാഴയ്ക്കും വിലകയറിയെങ്കിലും ഏറെനാളായുള്ള ഉത്പാദനത്തകർച്ചയില്‍ മിക്കവർക്കും വിലക്കയറ്റം ഗുണകരമായിരുന്നില്ല. സ്ഥലത്തിന്റെ പാട്ടത്തുക ഭൂവുടമകള്‍ വർഷംതോറും ഉയർത്തുന്നതും തദ്ദേശീയമായി കൃഷി വ്യാപിച്ചതുമെല്ലാം കന്നഡനാടില്‍ മലയാളിക്കർഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
കൃഷി അനുദിനം വെല്ലുവിളിയായതോടെ തിരിച്ചെത്തിയ കർഷകർ സ്വന്തംനാട്ടിലും ഇഞ്ചി പുന:കൃഷി വ്യാപിപ്പിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനുശേഷം ഇത്തവണ വയനാട്ടില്‍ ഇഞ്ചിക്കൃഷി ചെയ്യുന്ന കർഷകരുടെ എണ്ണംവർധിച്ചു. മുമ്ബുകാലത്ത് കൃഷിചെയ്ത സ്ഥലങ്ങളും ഒരുക്കിയെടുത്താണ് ഇപ്പോഴത്തെ കൃഷിപരീക്ഷണം.
മഹാളി തുടങ്ങിയ രോഗങ്ങള്‍ പരക്കെ പടർന്നതും മണ്ണിന്റെ ഫലഭൂയിഷ്ഠത അന്യമായതുമെല്ലാം ഇഞ്ചിക്കൃഷിക്ക് കർഷകർക്കിടയില്‍ പ്രീതി നഷ്ടപ്പെടുത്തിയിരുന്നു. ജലസേചനസൗകര്യവും വിപുലമായ കൃഷിസൗകര്യവുമുള്ള കർണാടകയിലെ ഒരതിർത്തിമുതല്‍ മഹാരാഷ്ട്രവരെയാണ് ഇക്കാലത്തിനിടയില്‍ വയനാട്ടിലെ ഇഞ്ചിക്കർഷകർ കൃഷിക്കായി കുടിയേറിയത്.
ഇഞ്ചി കഴിഞ്ഞാല്‍ വാഴക്കൃഷി പരീക്ഷണം
ആവർത്തനകൃഷി കർണാടകയിലും പ്രതീക്ഷ നല്‍കുന്നില്ല. നിരപ്പായതും വിശാലമായതുമായ കൃഷിയിടങ്ങള്‍, ജലസേചനത്തിനുള്ള സൗകര്യങ്ങള്‍, തൊഴിലാളികളുടെ ലഭ്യത, താരതമ്യേന കുറവുള്ള കൂലി, കുറഞ്ഞ ഉത്പാദനച്ചെലവ് എന്നിവയെല്ലാമായിരുന്നു കർഷകർക്ക് ഇഞ്ചിക്കൃഷിക്കായി കർണാടകയിലേക്ക് കുടിയേറുന്നതിലെ ആകർഷണം. എന്നാല്‍, ഇപ്പോള്‍ അവിടെയും സ്ഥിതിഗതികള്‍ മാറിമറിഞ്ഞു -നാഷണല്‍ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ കണ്‍വീനർ എസ്.എം. റസാഖ് പറയുന്നു.
പാട്ടത്തുക ഗണ്യമായി വർധിച്ചു. ഇപ്പോള്‍ ഒരേക്കർസ്ഥലത്തിന് ഒന്നരലക്ഷത്തോളം രൂപ പാട്ടംനല്‍കണം. ശരാശരി ഈസ്ഥലത്തുനിന്ന് 300 ചാക്ക് ഇഞ്ചിയെങ്കിലും വിളവും ചാക്കിന് 3000 രൂപയോളം വിലയും ലഭിച്ചാല്‍മാത്രമാണ് കർഷകർക്ക് പിടിച്ചുനില്‍ക്കാനാവുക. എട്ടുലക്ഷം രൂപയോളമാണ് ഒരേക്കർസ്ഥലത്ത് കൃഷി നടത്താൻ ഇപ്പോള്‍വരുന്ന ചെലവ്. ഇതെല്ലാം കണക്കാക്കുമ്ബോള്‍ കർണാടകയില്‍ ഇഞ്ചിക്കർഷകർക്ക് വെല്ലുവിളികള്‍ ഏറുകയാണ്. തൊഴിലാളിസ്ത്രീകള്‍ക്ക് ഇപ്പോള്‍ മുന്നൂറിലധികവും പുരുഷതൊഴിലാളിക്ക് അഞ്ഞൂറിലധികവും കൂലികൊടുക്കണം. മഹാളിപോലുള്ള രോഗങ്ങള്‍ ഇവിടെയും ഇപ്പോള്‍ വ്യാപകമാണ്. ഇതുകൂടാതെയുള്ള ഒട്ടനവധി പ്രതിസന്ധികള്‍ ഇഞ്ചിക്കൃഷി മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമായിമാറുകയാണ്.
ഡിസംബർ-ജനുവരി മാസങ്ങളിലാണ് കർണാടകയില്‍ പ്രധാനമായും ഇഞ്ചി വിളവെടുപ്പുകാലം. ഈ സീസണില്‍ വിലതാഴ്ന്നാല്‍ സാമ്ബത്തികഭദ്രതയുള്ള കർഷകർ നാലുമാസംവരെയും വിളവെടുപ്പ് നീട്ടിവെക്കാറുണ്ട്. ഇതിനായി ജലസേചനസൗകര്യമടക്കം ഒരുക്കണം. ഇതിനും ചെലവേറെയാണ്. എന്നിട്ടും വില ലഭിക്കുന്നില്ലെങ്കില്‍ കർഷകർക്ക് പിടിച്ചുനില്ക്കാൻ പാടായിരിക്കും. കോവിഡുകാലത്തെ പ്രതിസന്ധികള്‍ക്കുശേഷം ഇത്തവണയാണ് ഇഞ്ചിക്ക് അയ്യായിരത്തിനും ആറായിരത്തിനും ഇടയില്‍ വിലകൂടിയത്.
വിലകൂടിയ കാലത്തും ഇഞ്ചി നന്നാകാത്ത കർഷകരും ഇവിടെയുണ്ട്. ഇഞ്ചിനട്ട മണ്ണില്‍ വാഴക്കൃഷി ചെയ്തും മറ്റുമാണ് ഇവിടെ കർഷകർ പിടിച്ചുനില്‍ക്കുന്നത്. ഒരു വർഷം വിലകിട്ടുമ്ബോള് പിന്നീടുള്ള വർഷങ്ങള്‍ കൃഷി നഷ്ടമാകുന്നതും തദ്ദേശീയതലത്തില്‍ കൃഷി വ്യാപിക്കുന്നതും ഇവിടത്തെ മലയാളിക്കർഷകർക്ക് വെല്ലുവിളിയാണ്. വെള്ളത്തിന്റെ കുറവുകൊണ്ട് കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണെന്നും കർഷകർ പറയുന്നു.