കർണാടക കുന്ദാപുരയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേർക്ക് പരിക്ക്.മൂകാംബികയിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട പയ്യന്നൂർ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു അപകടം.
ഇന്നോവ റിവേഴ്‌സ് എടുത്ത് അമ്പലത്തിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അമിത വേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇന്നോവ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഗോവയിൽ നിന്നും മീൻ കയറ്റി കൊണ്ട് പോകുകയായിരുന്ന ട്രക്ക് ആണ് കാറിൽ ഇടിച്ച് കയറിയത്. ഏറെ ദൂരം കാറുമായി മുന്നോട്ട് പാഞ്ഞ ലോറി ഒടുവിൽ മറിഞ്ഞ് വീണു. ഇടിയുടെ ആഘാതത്തിൽ ഇന്നോവ പൂർണമായും തകർന്നു. ദാരുണമായ അപകടത്തിന്‍റെ പകടത്തിന്റെ സിസിറ്റിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
പയ്യന്നൂർ തായ്നേരി കൈലാസില്‍ നാരായണൻ,ഭാര്യ വത്സല, അയല്‍വാസി കൗസ്തുപത്തില്‍ മധു, ഭാര്യ അനിത,അന്നൂർ സ്വദേശി റിട്ട അദ്ധ്യാപകൻ ഭാർഗവൻ,ഭാര്യ ചിത്രലേഘ, കാർ ഡ്രൈവർ ഫസില്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. നാരായണൻ, ചിത്രലേഘ, വത്സല, അനിത എന്നിരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരില്‍ മൂന്ന് സ്ത്രീകളും ഐ സി യു വിലാണ്.നാരായണൻ അപകട നില തരണം ചെയ്തു. മധുവിനെയും ഭാർഗവനെയും ഫസിലിനെയും കുന്താപുരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കുമ്ബാഷി ഗ്രാമത്തിന് സമീപം ദേശീയപാത 66-ല്‍ ചണ്ഡിക ദുർഗപരമേശ്വരി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.ദേശീയ പാതയില്‍ നിന്ന് കാർ ക്ഷേത്രത്തിലേക്ക് തിരിയാനായി പിറകോട്ട് എടുക്കുന്നതിനിടെ പിറകില്‍ നിന്ന് വരികയായിരുന്ന മീൻ ലോറി ഇടിക്കുകയായിരുന്നു. മംഗളൂരു രജിസ്ട്രേഷനുള്ള ലോറിയാണ് വാഹനത്തില്‍ ഇടിച്ചത്. ചൊവ്വാഴ്ചയാണ് സംഘം പയ്യന്നൂരില്‍ നിന്ന് തീർത്ഥാടനത്തിന് പുറപ്പെട്ടത്.