ബെംഗളുരു: മണിചെയിൻ മാതൃകയിൽ ആളുകളെ സ്കീമിൽ ചേർത്ത് തട്ടിപ്പ് നടത്തിയ കേസിൽ മലയാളിയായ വിമുക്ത ഭടൻ ബെംഗളൂരുവിൽ അറസ്റ്റിലായി. എറണാകുളം ആരക്കുന്നം സ്വദേശി കെ.വി. ജോണി (51) ആണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 3.7 കോടി രൂപ പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു.
വൻ തുക ലാഭം നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആൾക്കാരിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. ഇതിനായി ബസവേശ്വര നഗറിൽ ജെ എ എ എന്ന പേരിൽ പരസ്വകമ്പനി ആരംഭിക്കുകയും കമ്പനിയുടെ വെബ്സൈറ്റിലൂടെ പരസ്യം കാണുന്നവർക്ക് പണം വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പ്. വാട്സ് അപ് ഗ്രൂപ്പുകൾ, മറ്റു സമൂഹ മാധ്യമങ്ങൾ എന്നിവ വഴി പരസ്യം ചെയ്താണ് ആളുകളെ ഇതിലേക്ക് ആകർഷിച്ചതെന്നും ഡിസംബർ 2020 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു.
*കർണാടക: ‘ബ്ലാക്ക് ഫംഗസ് ‘ രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി*
1109 രൂപ നൽകിയാണ് ഇയാൾ ഓരോരുത്തർക്കും അംഗത്വം നൽകിയിരുന്നത്. ഇത്തരത്തിൽ അംഗത്വമെടുത്ത ആൾ ഇയാളുടെ വെബ്സൈറ്റിൽ കയറി അതിലെ പരസ്യങ്ങൾ കാണണം. ഒരാൾക്ക് ഒരു ദിവസം 60 പരസ്യങ്ങൾ വരെ കാണാം. ഇതിലൂടെ ഒരു പരസ്യത്തിന് നാല് രൂപ വീതം അറുപത് പരസ്വത്തിന് 240 രൂപ ലഭിക്കുമെന്നാണ് വാഗ്ദാനം. സ്കീമിൽ മറ്റുള്ളവരെ ചേർക്കുന്നതിനും കമ്മീഷൻ ഉണ്ട്. 100 പേരെ ചേർക്കുന്ന ഒരാൾക്ക് 17,600 രൂപ നൽകുമെന്നും ഒരു കോടി ആൾക്കാരെ ചേർത്താൽ 352 കോടി രൂപ കമ്മീഷൻ നൽകുമെന്നും ഇയാൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
*കോവിഡ് പരിശോധന സ്വയം നടത്താം ; ഇന്ത്യയുടെ ‘കോവിസെൽഫ് ‘ കിറ്റ് വിപണിയിലേക്ക്*
ഇത്തരത്തിൽ നാലു ലക്ഷത്തോളം ആൾക്കാരെ ഇയാൾ ചേർത്തിട്ടുണ്ടെന്നും 30 ലക്ഷത്തോളം പേരെ അംഗങ്ങളാക്കിയ ശേഷം ബെംഗളൂരുവിൽ നിന്നും മറ്റൊരു നഗരത്തിലേക്ക് മുങ്ങാൻ പദ്ധതിയിട്ടതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിൽ നായിക് തസ്തികയിൽ നിന്നുമാണ് ഇയാൾ വിരമിച്ചത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ഇത്തരത്തിലുള്ള നിക്ഷേപ സ്കീമുകളിൽ ചേരുന്നവർ ജാഗ്രത പുലർത്തണമെന്നും സി സി ബി ജോയിൻറ് കമീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.
കേരളം : ഇന്ന് റിപ്പോർട്ട് ചെയ്തത് 209 കോവിഡ് മരണം, മരണനിരക്കിൽ ആശങ്ക