ഉത്തർപ്രദേശിലെ ഗൊരഖ്പൂരില്‍ ബിആർഡി മെഡിക്കല്‍ കോളേജിലെ മലയാളി ഡോക്ടർ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍.തിരുവനന്തപുരം സ്വദേശി അഭിഷോ ഡേവിഡ് (32) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്ചയായിരുന്നു സംഭവം. മൂന്നാംവർഷ പിജി വിദ്യാർഥിയും അനസ്തേഷ്യ ഡിപ്പാർട്മെന്റിലെ ജൂനിയർ ഡോക്ടറുമായിരുന്നു. വെള്ളിയാഴ്ച രാവിലെ ജീവനക്കാർ നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ അഭിഷോയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പുകളോ മറ്റോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ഡ്യൂട്ടി സമയമായിട്ടും ഡേവിഡ് അനസ്തേഷ്യ ഡിപ്പാർട്മെന്റില്‍ എത്തിയിരുന്നില്ല. തുടർന്ന് വകുപ്പ് മേധാവി ഡോ. സതീഷ് കുമാറിന്റെ നിർദേശത്തെത്തുടർന്നായിരുന്നു ജീവനക്കാർ ചെന്ന് പരിശോധിച്ചത്. എന്നാല്‍, മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടർന്ന് ജീവനക്കാരൻ വിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു.
വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴേക്കും അഭിഷോയെ കിടക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വിവരം പ്രിൻസിപ്പലിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു.ഗുല്‍റിഹ പോലീസ് സംഭവസ്ഥലത്തെത്തി. പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി അയച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ട്