ബെംഗളൂരു∙ മഡിവാളയിൽ മലപ്പുറം തിരുവാലി പത്തിരിയാൽ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തിരിയാൽ പ്രസന്ന നിലയത്തിൽ സുരേശൻ വാരിയരുടെ മകൻ ജയകൃഷ്ണൻ (28) ആണ് മരിച്ചത്. ജോലിക്കായി 10 ദിവസം മുൻപാണു ബെംഗളൂരുവിൽ എത്തിയത്. ഇന്നലെ രാവിലെ താമസസ്ഥലമായ താവരക്കരെ റോഡിലെ പിജിയിലാണു മൃതദേഹം കണ്ടത്. മഡിവാള പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. മാതാവ്: പ്രമീള (വണ്ടൂർ യൂണിറ്റി എച്ച്എസ്എസ്). സഹോദരൻ: ഹരികൃഷ്ണൻ
.സാറ്റലൈറ്റ് ടൗൺ റിങ് റോഡ്: ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാകും
ബെംഗളൂരു: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡിന്റെ (എസ്.ടി.ടി.ആർ.) ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാകും. ദേശീയ പാത 948 എ.യുടെ ഭാഗമായ പദ്ധതിയുടെ ആദ്യ 80 കിലോമീറ്ററാണ് ഡിസംബറിൽ പൂർത്തിയാകുക. 2025 -ഓടെ പാത പൂർണതോതിൽ തുറന്നുകൊടുക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്.
ബെംഗളൂരു നഗരത്തിന് ചുറ്റുമുള്ള ദൊഡ്ഡബെല്ലാപുര, ദേവനഹള്ളി, ഹോസ്‌കോട്ടെ, ആനേക്കൽ, ഹൊസൂർ, രാമനഗര, കനകപുര, മഗഡി എന്നീപ്രദേശങ്ങളെ ബന്ധിച്ചുള്ള അതിവേഗ ഗ്രീൻഫീൽഡ് പാതയാണ് ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ്.
ബെംഗളൂരു നഗരത്തിനുള്ളിലേക്ക് കയറാതെ മറ്റ് പ്രധാന നഗരങ്ങളിലേക്ക് ഈ പാതയിലൂടെ പോകാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. മറ്റ് ദേശീയപാതകളുമായി പാതയെ ബന്ധിപ്പിക്കുകയും ചെയ്യും. ഇതോടെ, നഗരത്തിലെ വാണിജ്യ മേഖലയ്ക്കും വലിയ നേട്ടമാകും.
17,000 കോടിയാണ് പദ്ധതിയുടെ ചെലവ്. 2005-ലാണ് ഇത്തരമൊരു റോഡിനെക്കുറിച്ച് ദേശീയപാത അതോറിറ്റിയും സംസ്ഥാനസർക്കാരും തമ്മിൽ പ്രാഥമിക ചർച്ചകൾ തുടങ്ങിയത്. 2017-ൽ ഭാരതമാല പദ്ധതിയിൽ നിർദിഷ്ട പാതയേയും ഉൾപ്പെടുത്തിയതോടെയാണ് നഗരത്തിന്റെ പ്രതീക്ഷകൾക്ക് ചിറകുമുളച്ചുതുടങ്ങിയത്. പിന്നീട് ഒമ്പതു ഭാഗങ്ങളാക്കിത്തിരിച്ച് നിർമാണം പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു.
നിലവിൽ നാലുഭാഗങ്ങളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. മറ്റുഭാഗങ്ങളുടെ പ്രവൃത്തി ഡിസംബറിൽ തുടങ്ങും. 288 കിലോമീറ്ററാണ് പാതയുടെ ആകെ ദൈർഘ്യം. ഇതിൽ 243 കിലോമീറ്ററും കർണാടകത്തിലും ബാക്കിയുള്ള 45 കിലോമീറ്റർ തമിഴ്‌നാട്ടിലുമാണ്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പൂർണപരിഹാരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.