തമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം.എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത് എട്ടു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂര്‍ സ്വദേശി വൈശാല്‍ (27), സുകില (20), അനാമിക (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കടലൂര്‍ ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൗരി നന്ദ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അണ്ണാമലൈനഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഭര്‍ത്താവ് വീണ്ടും അറസ്റ്റില്‍; വിചിത്രമായ പോലീസ് നടപടി
സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരായവരാണ് തങ്ങളെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഭർത്താവിന്റെ കൂടെ താമസിക്കുന്നതെന്നു പറഞ്ഞിട്ടും യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗാസിയാബാദ് സ്വദേശിയെ രണ്ടു മാസത്തിനിടെ രണ്ടാം തവണ പോലീസ് അറസ്റ്റ് ചെയ്തു.മാത്രമല്ല, യുവതിയെ അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോലീസ് നിർബന്ധിച്ച് അയക്കുകയും ചെയ്തു.അക്ബർ ഖാനും(29) സോനിക ചൗഹാനും(25) തങ്ങള്‍ മൂന്ന് വർഷമായി വിവാഹിതരാണെന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും പോലീസ് ഇതു ചെവികൊണ്ടില്ല.
ജൂലൈ 30-ന് സോനികയുടെ പിതാവ് ലക്ഷ്മണ്‍ സിങ് ചൗഹാനാണ് രണ്ടാം തവണയും മകളെ അക്ബർ ഖാൻ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ഇന്ദിരാപുരം പോലീസിനു മുന്നിലെത്തിയത്.മിനിറ്റുകള്‍ക്ക് ശേഷം സോനിക സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ‘ഞാൻ, സോനിക, ജൂലൈ 30-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ, എന്റെ ഇഷ്ടപ്രകാരം വീട്ടില്‍ നിന്നിറങ്ങി… കഴിഞ്ഞ രണ്ട് മാസമായി, എന്റെ മാതാപിതാക്കളും അമ്മാവന്മാരും എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. അക്ബറിനെതിരെ കോടതിയില്‍ മൊഴി നല്‍കണമെന്നും പോക്സോ (ആക്‌ട്) പ്രകാരം കേസില്‍ കുടുക്കി ജയിലിലടയ്ക്കണമെന്നും അവർ ആഗ്രഹിച്ചു.
എന്നാല്‍ ഞാൻ എതിർത്തു. ഞാൻ സത്യം മാത്രമേ പറയൂ.’ അവർ വീഡിയോയില്‍ പറയുന്നു.സോനികയുടെ കുടുംബം അക്ബറിനെതിരെ അവളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കുന്നത് ഇതാദ്യമല്ല. മെയ് 25-നും സോനികയെ അക്ബർ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ലക്ഷ്മണ്‍ ഇതേ പോലീസ് സ്റ്റേഷനില്‍ സമാനമായ പരാതി നല്‍കിയിരുന്നു. അന്നും, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടിറങ്ങിയതെന്ന് സോനിക വ്യക്തമാക്കിയിരുന്നു.അന്ന് ഗാസിയാബാദ് പോലീസ് ഇന്ദിരാപുരത്തുള്ള അക്ബറിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും സോനികയെ അവളുടെ മാതാപിതാക്കള്‍ക്ക് ‘കൈമാറുകയും’ ചെയ്തിരുന്നു.
ഇതിനെ തുടർന്ന്, പോലീസ് അക്ബറിനെയും അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരെയും സഹോദരഭാര്യയെയും, ഒരു അയല്‍ക്കാരനെയും അറസ്റ്റ് ചെയ്തു. ഒരു സംഘം ആളുകള്‍ അക്ബറിന്റെ കട ആക്രമിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.മെയില്‍ അക്ബറിന്റെ അറസ്റ്റിന് മുൻപ് പുറത്തുവന്ന ഒരു വീഡിയോയില്‍, തനിക്ക് അക്ബറിനൊപ്പം താമസിക്കാനാണ് ആഗ്രഹമെന്നും 2022 ഓഗസ്റ്റില്‍ ഡല്‍ഹിയിലെ ഒരു എസ്ഡിഎം ഓഫീസില്‍ വെച്ച് സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം തങ്ങള്‍ വിവാഹിതരായെന്നും സോനിക പറഞ്ഞിരുന്നു.
ജൂണ്‍ 8-ന് അക്ബർ ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെ ഇവർ ഒരുമിച്ച താമസം തുടങ്ങുകയും ചെയ്തു.പുതിയ തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് അക്ബറിനെ അറസ്റ്റ് ചെയ്തതെന്ന് ഗാസിയാബാദ് പോലീസ് കമ്മീഷണർ ജെ. രവീന്ദർ ഗൗഡ് പറഞ്ഞു. ‘മാതാപിതാക്കളില്‍നിന്ന് ഉറപ്പ് എഴുതി വാങ്ങിയ ശേഷം യുവതിയെ കുടുംബത്തോടൊപ്പം താമസിക്കാൻ അയച്ചു.’ ഗൗഡ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
വീട്ടില്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് യുവതി പറഞ്ഞിട്ടും എന്തിനാണ് അവളെ കുടുംബത്തോടൊപ്പം അയച്ചതെന്ന് ചോദിച്ചപ്പോള്‍, അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിച്ച വണ്‍ സ്റ്റോപ്പ് സെന്ററില്‍ താമസിക്കാൻ അവള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഗൗഡ് പറഞ്ഞു. ‘അവളുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന. ശനിയാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ അവളുടെ മൊഴി രേഖപ്പെടുത്തും.’ അദ്ദേഹം കൂട്ടിച്ചേർത്തു