കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.ബെംഗളൂരു രാമമൂർത്തി നഗറില്‍ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരെ തിരഞ്ഞാണ് രാമമൂർത്തി നഗർ പോലീസ് അന്വേഷണം കേരളത്തിലേക്കും നീട്ടുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവരെ കാണാതായെന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു.ഫോണ്‍ സ്വിച്ച് ഓഫാണ്. ഇവരുടെ ഓഫീസില്‍ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവർക്ക് ഇവരെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല.
അതേസമയം, ടോമിയുടെ ഫോണ്‍ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയത് നിർണായകമായി. ഇവർ കേരളത്തിലേക്ക് കടന്നുവെന്നാണ് പോലീസ് ഇപ്പോള്‍ ഉറപ്പിക്കുന്നത്. തട്ടിപ്പിനിരയായ 395 പേർ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കിയിട്ടുണ്ട്. തട്ടില്‍പ്പില്‍ പെട്ട ഭൂരിഭാഗംപേരും മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിനാലാണ് ചിട്ടിയിലും നിക്ഷേപപദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്.25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്ബനിയാണിത്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്വദേശമായ കുട്ടനാട് രാമങ്കരിയില്‍ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകനായിരുന്ന ടോമി വർഷങ്ങള്‍ക്കു മുൻപാണു ബെംഗളൂരുവില്‍ എത്തിയത്. ബിസിനസ് നടത്തുകയാണെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. മകളുടെ ആദ്യ കുർബാനയ്ക്കായി രണ്ടുവർഷം മുൻപ് ദമ്ബതികള്‍ നാട്ടിലെത്തിയിരുന്നു. ഇവരുടെ മാമ്ബുഴക്കരിക്കു സമീപമുള്ള കുടുംബവീട് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ടോമിയുടെ അമ്മ സഹോദരനൊപ്പം ചങ്ങനാശ്ശേരിയിലാണു താമസിക്കുന്നത്.