കുറഞ്ഞ പലിശനിരക്കില്‍ വായ്പ വാഗ്ദാനം ചെയ്ത് ഇൻസ്റ്റന്റ് ലോണ്‍ ആപ് വഴി ഇന്ത്യയില്‍നിന്ന് 465 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ മലയാളിയെ പുതുച്ചേരി സൈബർ ക്രൈം പൊലീസ് അറസ്റ്റു ചെയ്തു.മലപ്പുറം സ്വദേശി മുഹമ്മദ് ഷരീഫ് (42) ആണ് അറസ്റ്റിലായത്.വായ്പയെടുത്തവർ പണം തിരികെ നല്‍കിയതിനു ശേഷവും അവരുടെ ഫോട്ടോകള്‍ മോർഫ് ചെയ്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി.
പൊലീസ് പറയുന്നത് ഇങ്ങനെ: ‘ഷരീഫ് അടങ്ങിയ സംഘത്തിന്റെ തട്ടിപ്പ് ഇന്ത്യയില്‍ മാത്രം ഒതുങ്ങിയില്ല, നിരവധി വിദേശ രാജ്യങ്ങളിലും ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങള്‍ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പില്‍ മറ്റു നിരവധി പേർക്ക് പങ്കുണ്ടെന്നും മോഷ്ടിച്ച പണം ക്രിപ്റ്റോകറൻസിയാക്കി വിദേശത്തേക്ക് കടത്തിയതായും ചോദ്യംചെയ്യലില്‍ വ്യക്തമായി’.
കേരളത്തിലെ പ്രധാന ട്രാവല്‍ കമ്ബനി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതായും പോലീസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ട്രാവല്‍ കമ്ബനിയുടെ ബാങ്ക് അക്കൗണ്ടുകള്‍, വിദേശ ശാഖകള്‍, പോയവരുടെ വിവരങ്ങള്‍ എന്നിവ പോലീസ് ശേഖരിച്ചുവരികയാണ്. തട്ടിപ്പ് സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതെന്ന് കരുതപ്പെടുന്ന 331 കോടി രൂപയുടെ സ്ഥാവര, ജംഗമ സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇ.ഡി അന്വേഷണത്തിലുണ്ട്.