ബെംഗളൂരു ∙ തിരക്കേറിയ ഓഫിസ് സമയങ്ങളിലും മറ്റും നമ്മ മെട്രോ പാതകളിൽ സാങ്കേതിക തകരാർ കാരണം സർവീസ് മുടങ്ങി യാത്രക്കാർ പെരുവഴിയിലാകുന്നതു നിത്യ സംഭവമായി മാറിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ യാതൊരു വിധത്തിലുമുള്ള മുന്നറിയിപ്പില്ലാതെ യാത്രക്കാരെ ട്രെയിനിൽ നിന്ന് ഇറക്കിവിടുന്നതാണു നമ്മ മെട്രോയുടെ നടപ്പു രീതി. ഓഫിസിലേക്കും കോളജുകളിലേക്കും മറ്റും തിരക്കിട്ടു പോകുന്നവർക്കു മുന്നിൽ പേടിസ്വപ്നമായി മാറിയിരിക്കുന്നു ഇത്തരം തകരാറുകൾ.
തകരാർ അറിയാൻ അവകാശമില്ലേ?ഇന്നലെ രാവിലെ പർപ്പിൾ ലൈനിൽ മജസ്റ്റിക്കിനും ചല്ലഘട്ടയ്ക്കും ഇടയിൽ ഒരു മണിക്കൂറോളമാണു സർവീസ് തടസ്സപ്പെട്ടത്. ഇതേത്തുടർന്ന് ഗ്രീൻ ലൈനിലും ട്രെയിനുകൾ വൈകിയോടി. രാവിലെ 9.15നു വിജയനഗർ– ഹൊസഹള്ളി മെട്രോ സ്റ്റേഷനുകൾക്കിടയിലാണു മെട്രോ ലൈനിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഈ സമയം ചല്ലഘട്ടയിൽ നിന്നു വൈറ്റ്ഫീൽഡിലേക്കു പോവുകയായിരുന്ന ട്രെയിൻ വിജയനഗറിനു തൊട്ടുമുൻപുള്ള അറ്റിഗുപ്പെ സ്റ്റേഷനു സമീപം നിർത്തി. അപ്രതീക്ഷിതമായി ട്രെയിൻ നിർത്തിയതോടെ യാത്രക്കാർ ആശങ്കയിലായി.
പിന്നീട് ട്രെയിൻ വിജയനഗർ സ്റ്റേഷനിലെത്തിച്ചു യാത്രക്കാരെ ഇറക്കി. കാരണം കൃത്യമായി പറയാതെയാണ് ഇറക്കിവിട്ടതെന്നു യാത്രക്കാർ ആരോപിച്ചു. ഇവർ പിന്നീടു മറ്റു യാത്രാമാർഗങ്ങളെ ആശ്രയിക്കുകയായിരുന്നു. തകരാർ പരിഹരിച്ചു രാവിലെ പത്തോടെ മൈസൂരു റോഡ് വരെയുള്ള സർവീസ് പുനരാരംഭിച്ചു. 11 മണിയോടെയാണു മൈസൂരു റോഡിൽ നിന്ന് ചല്ലഘട്ട വരെയുള്ള സർവീസ് പുനരാരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയിക്കാത്തതിനാൽ യാത്രക്കാരിൽ ചിലർ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷനെ (ബിഎംആർസി) വിമർശിച്ചു സമൂഹമാധ്യമങ്ങൾ പോസ്റ്റിട്ടു.
സ്റ്റേഷനുകളിൽ വൻ തിരക്ക്സാങ്കേതിക തകരാറിനെ തുടർന്നു ട്രെയിൻ മുടങ്ങിയതോടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ മിക്ക സ്റ്റേഷനുകളിലും യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. ഗ്രീൻ ലൈനിലെ പീനിയയിൽ യാത്രക്കാരുടെ തിരക്കു പ്രവേശന കവാടം വരെ നീണ്ടു. ഇന്റർചേഞ്ച് സ്റ്റേഷനായ മജെസ്റ്റിക്കിലും കാലുകുത്താനാകാത്ത വിധമായിരുന്നു തിരക്ക്.
 
