ബംഗളൂരു : കാര്‍മലാരം കൃപാനിധി കോളജിന് സമീപം ബാംഗ്ലൂര്‍ ഡെയ്സ് ഹോംസ്റ്റേ പി.ജിയില്‍ മലയാളി വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സംഭവത്തില്‍ പി.ജി നടത്തിപ്പുകാരനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
പി.ജി നടത്തിപ്പുകാരൻ പാലക്കാട് സ്വദേശി മുഹമ്മദ് അലിയോടാണ് തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാവാൻ വര്‍ത്തൂര്‍ പൊലീസ് ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം വിട്ടയക്കുകയായിരുന്നു. ശനിയാഴ്ച ബെസ്കോം അധികൃതരുടെ സാന്നിധ്യത്തില്‍ പൊലീസ് സംഘം പി.ജിയില്‍ പരിശോധന നടത്തി.
തൃശൂര്‍ മാള പള്ളിപ്പുറം വലിയ വീട്ടില്‍ വി.എ. അൻസാറിന്റെയും ഷമീനയുടെയും മകൻ മുഹമ്മദ് ജാസിം (19) ആണ് ഷോക്കേറ്റു മരിച്ചത്. ബംഗളൂരു കൃപാനിധി കോളജില്‍ ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിയായ മുഹമ്മദ് ജാസിം രണ്ടാഴ്ച മുമ്ബാണ് ബംഗളൂരുവിലെത്തിയത്. ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ രാത്രി ടെറസിലുണ്ടായിരുന്ന വയറില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കൃത്യമായ സുരക്ഷ മാനദണ്ഡങ്ങളില്ലാതെയാണ് പി.ജി കെട്ടിടം പ്രവര്‍ത്തിക്കുന്നതെന്നും അപകടം സംഭവിച്ചപ്പോള്‍ യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ വര്‍ത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, ഷോക്കേറ്റു മരിച്ച മുഹമ്മദ് ജസീമിന്റെ മൃതദേഹം ശനിയാഴ്ച വൈദേഹി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മയ്യിത്ത് സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.അമീൻ മുഹമ്മദ് (മാള സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പത്താം തരംവിദ്യാര്ഥി), മുഹമ്മദ് യാസീൻ (സെന്റ് ആന്റണീസ് ഇംഗ്ലീഷ് സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി) എന്നിവരാണ് മുഹമ്മദ് ജാസിമിന്റെ സഹോദരങ്ങള്‍.