![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/11/08043152/join-news-group-bangalore_malayali_news-1.jpg)
ബെംഗളൂരു • കുടക് വഴിയുള്ള കേരള, കർണാടക ആർടിസി ബസുകൾ മാസങ്ങൾക്കു ശേഷം സർവീസുകൾ പുനരാരംഭിച്ചു. ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസിയുടെ ആദ്യ സർവീസുകൾ ഇന്നു പുറപ്പെടും. കോവിഡിനെ തുടർന്നു നിർത്തിവച്ചിരുന്ന ബെംഗളൂരു കാഞ്ഞങ്ങാട്, പയ്യന്നൂർ ബസ് സർവീസുകളും ഇതിനൊപ്പം പുനരാരംഭിക്കും. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് കുടക് വഴിയുള്ള സർവീസുകൾ മാസങ്ങളായി നിർത്തിവച്ചി രുന്നത്.കേരളത്തിൽ നിന്നു പുറപ്പെടുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ബസിൽ കയറുമ്പോൾ തന്നെ ഹാജരാക്കണം. ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു പോകുന്നവർക്കു 2 ഡോസ് കോവിഡ് കുത്തിവയ്ക്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് മതിയാകും.
കണ്ണൂരിലേക്ക് 2 ബസ് • കേരള ആർടിസിയുടെ 2 ബസുകളാണ് കുടക് വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുക. രാവിലെ 9നും രാത്രി 9.30നും ബംഗളൂരുവിൽ നിന്നു പുറപ്പെടുന്ന സൂപ്പർ എക്സ്പ്രസ് ബസുകൾ യഥാക്രമം രാത്രി 7.25നും പിറ്റേന്നു രാവിലെ 7നുമായി കണ്ണൂരിലെത്തും. 437 രൂപയാണ് ടിക്കറ്റ് ചാർജ്.
ബെംഗളൂരു- പയ്യന്നൂർ: മൈസൂരു, ഇരിട്ടി, ചെറുപുഴ വഴിയുള്ള സൂപ്പർ എക്സ്പ്രസ് രാത്രി 9നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 5.45നു പയ്യന്നൂരെത്തും. ടിക്കറ്റ്ചാർജ് 472 രൂപ.
• ബെംഗളൂരു-കാഞ്ഞങ്ങാട്: സൂപ്പർ ഡീലക്സ് ബസ് രാത്രി 9.15നു ശാന്തിനഗറിൽ നിന്നു പുറപ്പെടും. കൂട്ടുപുഴ, ഇരിട്ടി, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട് വഴി പിറ്റേന്നു രാവിലെ 6.50 കാഞ്ഞങ്ങാട്ടെത്തും. ടിക്കറ്റ് ചാർജ്: 594 രൂപ. ആദ്യ സർവീസ് ഇന്ന് കാഞ്ഞങ്ങാട്ട് നിന്നു പുറപ്പെടും.
കേരളത്തിന് 23 സർവീസുകൾ ഇതോടെ ബെംഗളൂരുവിൽ നിന്നു ദിവസേന നാട്ടിലേക്കുള്ള കേരള ആർടിസി ബസുകളുടെ എണ്ണം 23 ആയി. തിരുവനന്തപുരം(4), തിരുവല്ല(1), കോട്ടയം(1) കട്ടപ്പന(1), മൂന്നാർ(1), എറണാകുളം(1), തൃശൂർ(1), പാലക്കാട്(1), കോഴിക്കോട്(6), ബത്തേരി(1), വടകര(1), കണ്ണൂർ (2), പയ്യന്നൂർ(1), കാഞ്ഞങ്ങാട്(1) എന്നിവയാണിവ. തിരക്കേറിയ ദിവസങ്ങളിൽ സ്പെഷൽ സർവീസുകൾ ഉണ്ടാകും. കോവിഡിനു മുൻപു ബെംഗളൂരുവിൽ നിന്നു ശരാശരി 50 സർവീസുകളാണ് ഉണ്ടായിരുന്നത്.
കർണാടക ആർടിസി എസി സ്ലീപ്പർ ഉൾപ്പെടെ കണ്ണൂരിലേക്കു 4 സർവീസുകളാണ് കർണാടക ആർടിസി ബെംഗളുരുവിൽ നിന്നു പുനരാരംഭിച്ചത്. പയ്യന്നൂർ വഴി കാഞ്ഞങ്ങാട്ടേക്ക് ഒരു എസി സർവീസുമുണ്ട്. ഇതുൾപ്പെടെ ദിവസേന 20ൽ അധികം സർവീസുകൾ കേരളത്തിലേക്കുണ്ട്.
സ്വകാര്യ ബസുകൾ കുടക് വഴി കേരളത്തിലേക്കുള്ള സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചിട്ടില്ല. കൃത്യമായ ഉത്തരവ് ലഭിക്കാത്തതാണ് കാരണം. കേരള, കർണാടക ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് ഇതുവഴി സർവീസ് നടത്താമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ സർക്കുലറിൽ പറയുന്നത്. സ്വകാര്യ ബസുകളുടെ കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷം സർവീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നു മലബാർ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ഫാറൂഖ് പറഞ്ഞു.
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/09/16030556/bangalore_malayali_news_bengaluru-vartha.jpg)