ബെംഗളൂരു∙ മജസ്റ്റിക് ബസ് ടെർമിനൽ മൾട്ടിമോഡൽ ഗതാഗത ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ച് കർണാടക ആർടിസി. 40 ഏക്കറിൽ ബസ് ടെർമിനൽ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചാണ് ഹബ് നിർമിക്കുക. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന ഹബ്ബിന്റെ വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്വകാര്യ ഏജൻസിയെ നിയമിച്ചു.മെട്രോ സ്റ്റേഷൻ കൂടി വന്നതോടെ മജസ്റ്റിക്കിലെത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു.
പല കാലഘട്ടങ്ങളിലായി മജസ്റ്റിക് ബസ് ടെർമിനലിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെങ്കിലും ഗതാഗതക്കുരുക്കും പാർക്കിങ് പരിമിതിയും പ്രതിസന്ധിയായി തുടരുകയാണ്. പുതിയ ഹബ്ബിന്റെ ഭാഗമായി മൾട്ടി ലവൽ പാർക്കിങ് കേന്ദ്രം നിർമിക്കും.
വികസനത്തിന് കാതോർത്ത് ബെംഗളൂരു നഗര ശിൽപിയായിരുന്ന കെംപെഗൗഡയുടെ കാലത്തെ ധർമഭൂതി തടാകം നികത്തിയാണ് 1980ൽ മജസ്റ്റിക് ബസ് ടെർമിനൽ നിർമിച്ചത്. കർണാടക ആർടിസിയുടെ 3 ബസ് ടെർമിനലുകളും ബിഎംടിസിയുടെ ഒരു ടെർമിനലും ഇവിടെയുണ്ട്. ബിഎംടിസി ഒരു ദിവസം 12,000–13,000 ഷെഡ്യൂളുകളും കെഎസ്ആർടിസി 2500–3000 ഷെഡ്യൂളുകളും ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നു. രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയത്ത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്.
ടെർമിനലിനുള്ളിലെ റോഡുകൾ തകരുന്നത് പതിവായതോടെ സമീപകാലത്താണ് കോൺക്രീറ്റ് ചെയ്തത്. സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ നാലു പ്രവേശന കവാടങ്ങളുണ്ടെങ്കിലും പുറത്തേക്ക് കടക്കാൻ രണ്ട് കവാടം മാത്രമാണുള്ളത്. കെഎസ്ആർ റെയിൽവേ സ്റ്റേഷനും നവീകരണത്തിന്റെ ഭാഗമായി ബസ് ടെർമിനലിനെ ബന്ധിപ്പിച്ച് അടിപ്പാതയും മേൽപാലവും നിർമിക്കാൻ പദ്ധതിയുണ്ട്