ചെന്നൈ: കോവിഡ് കാലത്ത് സഹായമെത്തിക്കാൻ മദിരാശി കേരളസമാജത്തിന്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ആശുപത്രി സൗകര്യം, ഓക്സിജൻ, മരുന്ന്, ഭക്ഷണം, ക്വാറന്റിൻ സൗകര്യം, യാത്രാസൗകര്യങ്ങൾ തുടങ്ങിയവയാണ് ഹെൽപ്പ് ഡെസ്ക് വഴി നൽകുന്നത്.
കേരളവിദ്യാലയത്തിലെ പൂർവ വിദ്യാർഥി സംഘടനയാണ് ഏകോപിപ്പിക്കുന്നത്. പൂർണമായും ഓൺലൈനായാണ് പ്രവർത്തനം. സഹായമഭ്യർഥിച്ചുള്ള കോളുകൾ പരിശോധിച്ച് നഗരത്തിൽ ഏതുഭാഗത്താണേ സഹായം വേണ്ടത് അവിടെയുള്ള സന്നദ്ധപ്രവർത്തകരെ അറിയിച്ചാണ് സഹായമെത്തിക്കുന്നത്.
ഏകോപനത്തിനായി സ്വന്തമായി മൊബൈൽ ആപ്ലിക്കേഷനും നിർമിച്ചിട്ടുണ്ട്. ഇതുപയോഗിച്ചാണ് വിവരങ്ങൾ കൈമാറുന്നത്. മുപ്പതോളം സന്നദ്ധപ്രവർത്തകരാണ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായുള്ളത്. ഇതിനകം ഒട്ടേറെ കോളുകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ടെന്ന് സമാജം ജോയന്റ് സെക്രട്ടറി സുഭാഷ് ബാബു പറഞ്ഞു. കൂടുതലും മലയാളികളാണ് വിളിക്കുന്നത്. പരമാവധി നേരത്തേ ആവശ്യക്കാർക്ക് സഹായം നൽകാൻ ശ്രമിക്കുന്നുണ്ടെന്ന് സുഭാഷ് പറഞ്ഞു.
കൃത്യമായ പ്രവർത്തനം
അഞ്ച് ഹെൽപ്പ് ലൈൻ നമ്പറുകളാണുള്ളത്. കോൾ വരുന്നതാണ് ഒന്നാം തലം. ഡോക്ടർമാരടങ്ങുന്ന സംഘമാണ് കോളുകൾ സ്വീകരിക്കുന്നത്. സംശയങ്ങൾക്കാണ് വിളിക്കുന്നതെങ്കിൽ അപ്പോൾത്തന്നെ പറഞ്ഞുകൊടുക്കും. ആശുപത്രി സൗകര്യമോ ആംബുലൻസോ മരുന്നോ ആവശ്യപ്പെട്ടുള്ള കോളാണെങ്കിൽ വിവരങ്ങൾ ശേഖരിക്കും. ഒന്നാം തലത്തിൽനിന്ന് ഈ വിവരങ്ങൾ സംഘത്തിന്റെ ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്യും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപവ്തകരിച്ചിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്കും വിവരമറിയിക്കും. അതത് മേഖലകളിലേക്ക് നിർദേശം നൽകുന്നതും തീരുമാനങ്ങളെടുക്കുന്നതും അവിടെയാണ്. പ്രാദേശിക തലത്തിലുള്ള വൊളന്റിയർമാർ സഹായമെത്തിക്കാനുള്ള ക്രമീകരണമൊരുക്കും.
വൊളന്റിയർമാർക്ക് നേരിട്ട് കൈകാര്യം ചെയ്യാനാകാത്തപ്പോൾ കോർപ്പറേഷനുമായും മറ്റു സന്നദ്ധ സംഘടനകളുമായും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഗുരുതരമായ കേസുകളിൽ ഉടനടി പ്രവർത്തനങ്ങളെ മൊത്തത്തിൽ നിരീക്ഷിക്കുന്നതിന് വേറെയും സഹായമെത്തിക്കാൻ ശ്രമിക്കുന്നുണ്ട് സന്നദ്ധപ്രവർത്തകരുണ്ട്.
ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്ന രോഗബാധിതരുടെയും മറ്റും ആരോഗ്യവിവരങ്ങൾ അടുത്തദിവസങ്ങളിലും അങ്ങോട്ട് വിളിച്ച് അന്വേഷിക്കും. ആശുപത്രിയിലുള്ളവരുടെ വിവരം ഡോക്ടർമാരോടും ചോദിക്കും. രോഗം ഭേദമാകും വരെ സഹായം ചെയ്തുനൽകും. വീടുകളിൽ നിരീക്ഷണത്തിൽക്കഴിയുന്നവരുടെ വിവരങ്ങളും തുടർന്ന് കരുതലോടെ അന്വേഷിക്കുന്നുണ്ട്.
24 മണിക്കൂറും വിളിക്കാം
രാവിലെ 6 മുതൽ രാത്രി 10 വരെ ഹെൽപ് ലൈനിലെ മുഴുവൻ നമ്പരുകളിലും സഹായം ലഭിക്കും. രാത്രി 10 മുതൽ രാവിലെ 6 -വരെയുള്ള സമയത്ത് ഏതെങ്കിലും രണ്ടു നമ്പർ മാത്രമാകും പ്രവർത്തിക്കുക. സഹായമാവശ്യമായി വരുന്നവർക്ക് അഞ്ച് നമ്പരിലും വിളിക്കാം. അതിൽ രണ്ട് നമ്പറുകളിൽ സഹായം ലഭിക്കും. ഹെൽപ്പ് ലൈൻ നമ്പറുകൾ: 8939401315, 9677761755, 6383865500, 7904865372, 9962390900