കർണാട-കേരള അന്തർസംസ്ഥാന പാതയായ വീരാജ്പേട്ട മാക്കൂട്ടം റോഡില്‍ ബിട്ടൻകല മുതല്‍ മാക്കൂട്ടം വരെയുള്ള 25 കിലോമീറ്റർ ദൈർഘ്യമുള്ള ചുരം റോഡില്‍ അറ്റകുറ്റപ്പണി ആരംഭിച്ചു.റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മലബാർ മുസ്‍ലിം അസോസിയേഷൻ എൻ.എ. ഹാരിസ് എം.എല്‍.എ മുഖേന പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്ക് നിവേദനം നല്‍കിയിരുന്നു. അറ്റകുറ്റപ്പണി നടത്തി താല്‍ക്കാലിക പരിഹാരം കണ്ടാല്‍ മാസങ്ങള്‍ പിന്നിടുമ്ബോള്‍ വീണ്ടും പഴയ അവസ്ഥ തുടരുന്നതിനാല്‍ ശാശ്വതപരിഹാരമാണ് ആവശ്യമെന്നും മന്ത്രിയെ നേരില്‍ കണ്ട് ആവശ്യം ഉന്നയിക്കുമെന്നും എൻ.എ. ഹാരിസ് എം.എല്‍.എ പറഞ്ഞു.
ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാല്‍ താല്‍ക്കാലിക പരിഹാരംകൊണ്ട് കാര്യമില്ല. കർണാടക സംസ്ഥാന അതിർത്തിയില്‍ കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് മുതലായ ഭാഗങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍നിന്ന് കുടകിലേക്കും അവിടെനിന്ന് തിരിച്ചും ദിനേന നൂറുകണക്കിന് ചരക്ക് വാഹനങ്ങളും യാത്രക്കാരും ഉപയോഗിക്കുന്നതാണ് ഈ പാത.
കൂടാതെ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ കുടകില്‍നിന്നും മൈസൂർ ഭാഗത്തുനിന്നും എത്താൻ പറ്റുന്ന റൂട്ടാണിത്. സാധാരണക്കാരായ യാത്രക്കാരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ കുടകിലേക്ക് കേരളത്തില്‍നിന്ന് നിരവധി വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നുപോകുന്നു. ഇതുകൂടാതെ ശബരിമല തീർഥാടകരും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ശബരിമല സീസണ്‍ ആയതിനാല്‍ അവരുടെ യാത്രയും ദുഷ്കരമാകുന്ന സാഹചര്യവുമെല്ലാം കണക്കിലെടുത്താണ് എം.എല്‍.എ നിവേദനം നല്‍കിയിരുന്നത്.