Home Featured സി.പി.എമ്മിനെ ഇനി എം.എ ബേബി നയിക്കും; ഇ.എം.എസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി

സി.പി.എമ്മിനെ ഇനി എം.എ ബേബി നയിക്കും; ഇ.എം.എസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി

by admin

സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ ബേബിയെ തിരഞ്ഞെടുത്തു. മധുര പാർട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്രകമ്മിറ്റി യോഗമാണ് എം.എ ബേബിയെ ഔദ്യോഗികമായി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.ഇ.എം.എസ്. നമ്ബൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. ശനിയാഴ്ച രാത്രി ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പി.ബി കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിർദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിർദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഞായറാഴ്ച രാവിലെ ചേർന്ന കേന്ദ്രകമ്മിറ്റി യോഗം ഈ തീരുമാനം അംഗീകരിച്ചു. തുടർന്ന് പുതിയ 18 അംഗ പി.ബിയും 84 അംഗ കേന്ദ്രകമ്മിറ്റിയേയും തിരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി ഉച്ചയ്ക്ക് ശേഷം ചേർന്ന് ഔദ്യോഗികമായി ബേബിയെ തിരഞ്ഞെടുത്ത് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി.വിദ്യാർഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും പില്‍ക്കാലത്ത് സംഘടനാ-പാർലമെന്റ് പ്രവർത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ബേബി, പാർട്ടിയുടെ ബൗദ്ധിക-ദാർശനിക മുഖങ്ങളിലൊന്നാണ്. 1954-ല്‍ കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് ജനനം. പ്രാക്കുളം എൻഎസ്‌എസ് ഹൈസ്കൂള്‍, കൊല്ലം എസ്‌എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

എസ്‌എഫ്‌ഐയുടെ പൂർവരൂപമായ കെഎസ്‌എഫിലൂടെ ആയിരുന്നു ബേബിയുടെ രാഷ്ട്രീയപ്രവേശനം. 1975-ല്‍ എസ്‌എഫ്‌ഐയുടെ കേരളാഘടകം പ്രസിഡന്റായി. 1977-ല്‍ കൊല്ലം ജില്ലാ കമ്മിറ്റിയിലുമെത്തി. 1978-ല്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1984-ല്‍ സംസ്ഥാന കമ്മിറ്റിയംഗമായി. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്. എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നിർണായക ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1983-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി. പിന്നീട് മൂന്നുകൊല്ലത്തിനിപ്പുറം 1987-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദത്തിലുമെത്തി. 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവർത്തനം.

1986-ലും 1992-ലും രാജ്യസഭാംഗമായിരുന്നു. 2006-ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി വി.എസ്. അച്യുതാനന്ദൻ സർക്കാരില്‍ (2006-11) വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. 2014-ല്‍ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു.ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെതിരേ ബംഗാള്‍ഘടകം എതിർപ്പുന്നയിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍, ബേബിയുടെ എതിർപക്ഷം പരിഗണിച്ചിരുന്ന കിസാൻസഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെയുടെ നിലപാട് പിബി യോഗത്തില്‍ വഴിത്തിരിവാകുകയായിരുന്നു.

ബംഗാളില്‍നിന്നുള്ള മുഹമ്മദ് സലീമിനെ ധാവ്ളെ നിർദേശിച്ചു. എന്നാല്‍, താനില്ലെന്ന് സലീം വ്യക്തമാക്കി. ഇതോടെ, തർക്കം വേറൊരു വഴിക്കായി. ഒടുവില്‍, ഭൂരിപക്ഷാഭിപ്രായം മാനിച്ച്‌ ബേബിയെ നിർദേശിക്കാൻ പിബി തീരുമാനിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group