കൊച്ചി: മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാർ. രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനാണ് 28 വർഷത്തെ മാധ്യമജീവിതത്തിന് അദ്ദേഹം വിരാമമിട്ടത്.
പുതിയൊരു കർമരംഗം തേടിയാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.സി.പി.എം. അംഗമായി പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ, റിപ്പോർട്ടർ ചാനലുകളിൽ പ്രവർത്തിച്ച നികേഷ്, റിപ്പോർട്ടർ ടി.വി. എഡിറ്റർ ഇൻ ചീഫ് സ്ഥാനത്തുനിന്നാണ് പടിയിറങ്ങുന്നത്.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാധ്യമപ്രവർത്തനത്തിന് അവധി നൽകി എൽഡിഎഫ് സ്ഥാനാർഥിയായി അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ.എം ഷാജിയോട് പരാജയപ്പെട്ടു.
സിഎംപി നേതാവും മുൻ മന്ത്രിയുമായ എം.വി രാഘവന്റെ മകനായ നികേഷ് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് മാധ്യമപ്രവർത്തന രംഗത്തേക്ക് വരുന്നത്. ഇന്ത്യവിഷൻ ചാനൽ തുടങ്ങിയപ്പോൾ അതിന്റെ സിഇഒയായി. ഇന്ത്യ വിഷൻ പ്രവർത്തനം നിർത്തിയപ്പോൾ റിപ്പോർട്ടർ ചാനൽ തുടങ്ങി. 28 വർഷത്തിന് ശേഷം മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി.വിയുടെ എഡിറ്റോറിയൽ ചുമതലയും അദ്ദേഹം ചൊവ്വാഴ്‌ച ഒഴിഞ്ഞു.