ബെംഗളൂരു: നടുറോഡിൽ ലോറി നിർത്തിയിട്ട് താക്കോലുമായി ഡ്രൈവർ മുങ്ങിയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ നൈസ്-ഹൊസൂർ റോഡിലാണ് സംഭവം. റോഡിന് കുറുകേ ലോറി നിർത്തിയശേഷമാണ് ഡ്രൈവർ താക്കോലുമായി പോയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത്.നാഗാലാൻഡിൽ രജിസ്റ്റർ ചെയ്ത 16 ചക്രങ്ങളുള്ള ലോറിയാണ് ഗതാഗത സടസമുണ്ടാക്കിയത്. ലോറി നഗരത്തിലേക്ക് കടക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ഡ്രൈവർ ഈ ‘കടുംകൈ’ ചെയ്തത്.
വൈകീട്ട് നാലരമുതൽ രാത്രി എട്ടര വരെ വലിയ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് പോലീസ് ലോറി തടഞ്ഞത്. ലോറി സർവ്വീസ് റോഡിലേക്ക് മാറ്റി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ പോലീസുമായി വാക്കുതർക്കം നടത്തിയെങ്കിലും ലോറി കടത്തിവിടാനാകില്ലെന്ന നിലപാടിൽ പോലീസ് ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്ന് ഇയാളോട് 2000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഇയാൾ റോഡിന് കുറുകെ ലോറി നിർത്തി താക്കോലുമായി കടന്നത്.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ലോറി മാറ്റാൻ ട്രാഫിക് പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റി. ഒടുവിൽ മറ്റൊരു ലോറിയുടെ താക്കോൽ ഉപയോഗിച്ചാണ് പോലീസ് ലോറി മാറ്റിയത്. താക്കോലുമായി മുങ്ങിയ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബൈക്കിന് പോലും കടന്നുപോകാൻ സാധിക്കാത്ത തരത്തിലാണ് ഇയാൾ റോഡിന് കുറുകെ ലോറി നിർത്തിയിട്ടത്.രൂക്ഷമായ ഗതാഗതക്കുരുക്കിനെ നേരിടാനായി വാഹനങ്ങൾ സർവ്വീസ് റോഡ് വഴി തിരിച്ചുവിടുകയാണ് പോലീസ് ചെയ്തത്.
വിവരമറിഞ്ഞ് പോലീസിനെ സഹായിക്കാനായി നിരവധി ലോറി ഡ്രൈവർമാർ തങ്ങളുടെ ലോറികളുടെ താക്കോലുകളുമായി സംഭവസ്ഥലത്തേക്ക് എത്തി. ഇതിൽ ഒരു താക്കോൽ ഉപയോഗിച്ചപ്പോൾ ലോറി സ്റ്റാർട്ടാകുകയായിരുന്നു. ലോറി ഇലക്ട്രോണിക്സ് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തേക്ക് മാറ്റി.