ബെംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കർണാടകത്തിൽനിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരായ മന്ത്രിമാരിൽ രണ്ടുപേർക്ക് കർണാടകത്തിലെ സുരക്ഷിത മണ്ഡലങ്ങൾ നൽകുമെന്നാണ് വിവരം. നിർമല കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗമാണ്. സംസ്ഥാനവുമായി നിരന്തരം ബന്ധപ്പെടുന്ന മന്ത്രിയുമാണ്. ജയശങ്കർ ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗമാണെങ്കിലും ബെംഗളൂരുവിൽ വിവിധ പരിപാടികൾക്കായി സ്ഥിരമായി എത്താറുണ്ട്.
നിർമലയും ജയശങ്കറും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇതിൽ കർണാടകവും പരിഗണിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മണ്ഡലം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയെങ്കിലും ഇരുവരും സംസ്ഥാനത്ത് മത്സരിച്ചേക്കുമെന്ന തരത്തിൽ ചർച്ചകൾ ശക്തമായി.
ബി.ജെ.പി. കോട്ടയായ ദക്ഷിണ കന്നഡ മണ്ഡലത്തിൽ നിർമലയെ സ്ഥാനാർഥിയാക്കാമെന്ന് അഭിപ്രായം. മുൻ സംസ്ഥാനാധ്യക്ഷൻ നളിൻകുമാർ കട്ടീലിന്റെ മണ്ഡലമാണ് ദക്ഷിണ കന്നഡ. ബെംഗളൂരു സൗത്ത് മണ്ഡലത്തിലോ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലോ ജയശങ്കറിനെ ഇറക്കാമെന്നും അഭിപ്രായമുയർന്നു. രണ്ടും സുരക്ഷിതമണ്ഡലമാണെന്നതാണ് കാരണം. ബെംഗളൂരു സൗത്ത് യുവമോർച്ച ദേശീയാധ്യക്ഷൻ തേജസ്വി സൂര്യയുടെയും സെൻട്രൽ ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി പി.സി. മോഹന്റെയും മണ്ഡലങ്ങളാണ്.
നിർമലയുടെയും ജയശങ്കറിന്റെയും രാജ്യസഭയിലെ കാലാവധി തീരുകയാണെങ്കിലും ഇത്തവണ മത്സരിച്ചില്ല. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ടാണെന്നാണ് വിലയിരുത്തുന്നത്.