ബെംഗളൂരു: ബെംഗളൂരുവിൽ മൂന്ന ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തി സിറ്റി പോലീസ്. ഫെബ്രുവരി 14 മുതൽ 17 വരെയാണ് നിരോധനം. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ബെംഗളൂരു ടീച്ചേഴ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് തീരുമാനം.
നഗരത്തിൽ സമാധാനം നിലനിർത്തുന്നതിനൊപ്പം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ഫെബ്രുവരി 14 ന് വൈകീട്ട് 5 മുതൽ 17 ന് രാവിലെ 6 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി.