മാഹി: കൊവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് മയ്യഴിയിലെ മദ്യശാലകള്‍ അടച്ചിട്ടിരിക്കെ, മയ്യഴിയിലേക്ക് കര്‍ണാടക മദ്യം ഒഴുകുന്നു. പല ബ്രാന്റുകളിലുമുള്ള കര്‍ണാടക മദ്യം ഇവിടെ സുലഭം. കര്‍ണാടകത്തില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കാലത്ത് 6 മണി മുതല്‍ 10 മണി വരെ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുമതിയുണ്ട്.
ഇങ്ങനെ ലഭിക്കുന്ന മദ്യം വീരാജ് പേട്ട വഴി കേരളത്തിലേക്ക് വരുന്ന പച്ചക്കറി വാഹനങ്ങളിലാണ് മാഹിയിലെത്തുന്നതെന്നാണ് വിവരം. കുപ്പികള്‍ക്ക് പകരം ‘ഫ്രൂട്ടി’ മാതൃകയിലുള്ള പായ്ക്കറ്റുകളിലാണ് ഇവ കൊണ്ടുവരുന്നത്. അതുകൊണ്ടു തന്നെ പൊട്ടി പോകില്ല. ഡി.കെ. ഡബിള്‍ കിക്ക്, ഒറിജിനല്‍ ചോയ്സ് തുടങ്ങിയ ഇനങ്ങള്‍ക്കാണ് വന്‍ ഡിമാന്റത്രെ.
കള്ളക്കടത്ത് മണത്തറിഞ്ഞ എക്‌സൈസ് സ്‌ക്വാഡുകള്‍ അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും, ഇവരുടെ കണ്ണ് വെട്ടിച്ചും, അല്ലാതെയും ഊടുവഴികളില്‍ക്കൂടിയും ചെറു പച്ചക്കറി വാഹനങ്ങളിലാണ് പ്രധാനമായും ഇവ കൊണ്ടുവരുന്നത്.
കര്‍ണാടകയില്‍ വില 55, മാഹിയില്‍ 400 കര്‍ണാടകത്തില്‍ 180 മി.ലിറ്ററിന് 55 രൂപയുള്ള ക്വാര്‍ട്ടറിന് മാഹിയില്‍ 400 രൂപ നല്‍കേണ്ടി വരും. പള്ളൂര്‍, പന്തക്കല്‍ മേഖലയിലേക്കാണ് കൂടുതലും ഇത്തരത്തിലുള്ള കര്‍ണാടക മദ്യമെത്തുന്നത്.
വ്യാജനും നുരയുന്നു ചിലര്‍ മയ്യഴിയിലെ ചില ജനശ്രദ്ധയില്ലാത്ത ഭാഗങ്ങളില്‍ വച്ച് വ്യാജവാറ്റ് നടത്തുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. കൈതച്ചക്ക, തെങ്ങിന്‍ പൂക്കുല, ജാംബക്ക തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് വ്യാജമദ്യ നിര്‍മ്മാണമത്രെ.
ഒട്ടേറെ ചെറുപ്പക്കാര്‍ മദ്യക്കടത്തുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്. വ്യാജമദ്യത്തിനായി മയ്യഴിക്ക് പുറത്തുള്ളവരും ഇടനിലക്കാരെ അന്വേഷിച്ച് ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്.