മംഗളൂരു : കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പെൺകുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി. കൂടെയുണ്ടായിരുന്ന എട്ട് ആൺകുട്ടികള്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുത്തതായും മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ എൻ ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു.
പലയിടങ്ങളില്‍വച്ചാണ് കൗമാരക്കാരികളെ ലൈംഗികമായി ചൂഷണം ചെയ്‌തത്. പ്രതികളില്‍ 17 വയസുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷൻ 376, 354, 354 (സി), 120 (ബി) എന്നീ വകുപ്പുകളും പോക്‌സോ, ഐ.ടി നിയമങ്ങളിലെ വിവിധ വകുപ്പുകളും ചുമത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നു. വിദ്യാർഥികളുടെ പ്രവർത്തനങ്ങളിൽ എല്ലാ കോളജുകളും ജാഗ്രത പുലർത്തണം. അച്ചടക്കക്കുറവും പെരുമാറ്റദൂഷ്യവും ഉള്ള ഇത്തരം സംഭവങ്ങളുണ്ടായാല്‍ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
വീഡിയോ വൈറലായതോടെ അന്വേഷണം : ഫെബ്രുവരിയിലാണ് മംഗളൂരു നഗരത്തിലെ പ്രശസ്‌ത കോളജിലെ വിദ്യാർഥികളുടെ ലിപ്‌ലോക്ക് മത്സരത്തിന്‍റെ വീഡിയോ വൈറലായത്. ഇതോടെയാണ്, പൊലീസ് അന്വേഷണം ആരംഭിച്ചത്. ശേഷമാണ്, പീഡനം നടന്നതായി സ്ഥിരീകരിച്ചത്. സ്വകാര്യ ഫ്ലാറ്റിൽവച്ച് കോളജ് യൂണിഫോമില്‍ ആൺകുട്ടികളും പെൺകുട്ടികളും ലിപ് ലോക്ക് ചുംബനത്തിൽ ഏർപ്പെടുന്നതായാണ് ദൃശ്യത്തിലുള്ളത്.
സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. ദൃശ്യം വൈറലായതോടെ കോളജ് അധികൃതർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയുണ്ടായി. സംഭവത്തില്‍, വീഡിയോ തയ്യാറാക്കിയ വിദ്യാർഥിയെ ജൂലൈ 21 ന് അറസ്റ്റ് ചെയ്‌തിരുന്നു. പിന്നാലെയാണ് പൊലീസിന്‍റെ കൂടുതല്‍ നടപടികള്‍.