Home Featured ദസറ ; ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്പമേള സെപ്റ്റംബർ 22 മുതൽ

ദസറ ; ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്പമേള സെപ്റ്റംബർ 22 മുതൽ

by admin

മൈസൂരു : ദസറ ആഘോഷങ്ങളുടെ ഭാഗമായിസന്ദർശകർക്ക് ദൃശ്യവിരുന്ന് ഒരുക്കാൻ ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്പമേള. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടു വരെയാണ് ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിൽ വൈവിധ്യമാർന്ന പുഷ്പമേള ഒരുങ്ങുന്നത്. രാമകൃഷ്‌ണനഗറിലെ ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്‌പ പ്രദർശനം നടക്കുക. 40,000- ത്തിലധികം പൂച്ചട്ടികളിലായി 450-ലധികം ഇനം പുഷ്‌പങ്ങൾ കാഴ്ചയ്ക്ക് വിരുന്നൊരുക്കും. 15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗാർഡനിൽ ഇതോടനുബന്ധിച്ച് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുക

മൈസൂരു ജില്ലയിലെ ആദ്യത്തെ സസ്യോദ്യാനമാണ് ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡൻ. ഹോർട്ടികൾച്ചർ വകുപ്പ് 5.6 കോടി രൂപ ചെലവിലാണ് പുഷ്പമേളയോടനുബന്ധിച്ചുള്ള സൗകര്യം ഒരുക്കുന്നത്. പ്രകൃതിസ്നേഹികളെയും കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന കലാപരമായ പുഷ്പ പ്രദർശനമാണ് ദസറയുടെ ഭാഗമായി ഒരുക്കുന്നത്.റോസാപ്പൂക്കൾ, പ്ലൂമേരിയ (ഫ്രാങ്കിപാനി), ബൗഹിനിയ, തുൻബെർജിയ, എറിത്രിന വേരിഗറ്റ, ജമന്തി തുടങ്ങിയ പൂച്ചെടികളുടെ ശേഖരവും വിൽപ്പനയും മേളയിലുണ്ടാകും.

പൂന്തോട്ടത്തിന് ചുറ്റും സ്ഥാപിച്ച തണലുള്ള ഇരിപ്പിടങ്ങൾ, ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ, ഹൃദയാകൃതിയിലുള്ള പുഷ്‌പ കമാനങ്ങൾ, മനോഹരമായ പുഷ്‌പ പാതകൾ, 150 പേർക്ക് ഇരിക്കാവുന്ന സംഗീത, നൃത്ത ജലധാര എന്നിവയെല്ലാം മേളയുടെ ആകർഷണമായിരിക്കും.ലിംഗാംബുധി തടാകത്തിന് ചുറ്റുമുള്ള സസ്യോദ്യാനത്തിൻ്റെയും പക്ഷിനിരീക്ഷണ മേഖലകളുടെയും വിശാലമായ കാഴ്ചകൾ കാണാനുതകുന്ന 60 അടി ഉയരമുള്ള വ്യൂവിങ് ടവറും പ്രത്യേക ആകർഷണമാകും. ദസറ ആരംഭിക്കുന്നതിന് ടവറിൻ്റെ സുരക്ഷാ റെയിലിങ്ങുകൾ സ്ഥാപിക്കുന്ന ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

പ്രകൃതി സ്നേഹികൾക്ക് പക്ഷിനിരീക്ഷണത്തിനായി ടവറിൽ ബൈനോക്കുലറുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. മുകളിൽനിന്ന് സന്ദർശകർക്ക് വിവിധതരം ദേശാടന പക്ഷികളെയും സ്ഥിരതാമസക്കാരായ പക്ഷികളെയും കാണാൻ കഴിയും. അതോടൊപ്പം പൂന്തോട്ടത്തിൻ്റെയും തടാകത്തിന്റെയും മനോഹരമായ കാഴ്‌ചകൾ ആസ്വദിക്കാനും കഴിയും. പുഷ്പമേള എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ ഉണ്ടായിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group