ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള റോഡില്‍ വാഹനങ്ങള്‍ക്ക് ലൈൻ ക്രമം നടപ്പാക്കി ബംഗളൂരു ട്രാഫിക് പൊലീസ്. തിരക്ക് കുറക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ലൈൻ ക്രമം ചൊവ്വാഴ്ച മുതല്‍ നടപ്പാക്കിയത്. ബംഗളൂരു സിറ്റി പൊലീസിന് കീഴില്‍ വരുന്ന ബി.ബി റോഡ് മുതല്‍ എൻ.എച്ച്. 44 വരെയുള്ള വിമാനത്താവള റോഡില്‍ ഇനി മുതല്‍ ഡ്രൈവർമാർ നിർബന്ധമായും ലൈൻ ഡിസിപ്ലിൻ പാലിക്കണമെന്നും അല്ലാത്തപക്ഷം പിഴ ചുമത്തുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
വലിയ ചരക്കുവാഹനങ്ങള്‍ ഇടതുവശത്തെ ഏറ്റവും അറ്റത്തെ ലൈനിലൂടെ മാത്രമേ സഞ്ചരിക്കാവൂ. താരതമ്യേന വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ മധ്യത്തിലെ ലൈൻ ഉപയോഗിക്കണം. വലതുവശത്തെ ലൈൻ ഓവർടേക്ക് ചെയ്യുന്ന സമയത്തുമാത്രമേ വാഹനങ്ങള്‍ ഉപയോഗിക്കാവൂ എന്നാണ് നിർദേശം. ‘തിരക്കും അപകടങ്ങളും കുറക്കുന്നതിനോടൊപ്പം വാഹനങ്ങളുടെ യാത്ര സുഗമമാക്കുകയുമാണ് പുതിയ പരിഷ്‍കരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബംഗളൂരു സിറ്റി ട്രാഫിക് പൊലീസ് ജോയന്റ് കമീഷണർ എം.എൻ. അനുച്ഛേദ് പറഞ്ഞു.