മംഗളൂരു:കനത്ത മഴയില്‍ മംഗളൂരുവില്‍ റെയില്‍പാളത്തില്‍ മണ്ണിടിഞ്ഞ് കൊങ്കണ്‍ പാതയിലെ ഗതാഗതം സ്തംഭിച്ചു. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനുകീഴില്‍ വരുന്ന കുലശേഖര തുരങ്കം കഴിഞ്ഞ് 200 മീറ്റര്‍ മാറിയാണ് വെള്ളിയാഴ്ച രാവിലെ വലിയതോതില്‍ മണ്ണിടിഞ്ഞത്. ഒരു ട്രെയിന്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
മംഗളൂരു ജങ്ഷന് (കങ്കനാടി) –-തോക്കൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് കുലശേഖര തുരങ്കം. അമ്ബത് മീറ്ററോളം മണ്ണും കല്ലും വീണ് പാളം മൂടി. റെയില്‍ വൈദ്യുതിലൈനിനും കേടുപറ്റി. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം രാത്രി വൈകിയും തുടര്‍ന്നു. ശനിയാഴ്ച പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെങ്കിലും കനത്ത മഴ വെല്ലുവിളിയാണ്
മംഗളൂരു സെന്‍ട്രലില്‍നിന്ന് വെള്ളിയാഴ്ച പകല്‍ 12.40ന് പുറപ്പെടേണ്ടിയിരുന്ന ലോകമാന്യതിലക് മത്സ്യഗന്ധ എക്സ്പ്രസ് (02620) റദ്ദാക്കി. മുംബൈയില്‍നിന്ന് മംഗളൂരു ജങ്ഷനിലേക്കുള്ള എക്സ്പ്രസ് ട്രെയിനും ദാദര്‍ –-തിരുനല്‍വേലി ട്രെയിനും സൂര്ത്ത്കലില് യാത്ര അവസാനിപ്പിച്ചു. ദാദര്‍ –-തിരുനല്‍വേലി ട്രെയിനിലെ യാത്രക്കാരെ മംഗളൂരു സെന്‍ട്രലില്‍നിന്ന് പ്രത്യേക ട്രെയിനില്‍ ഷെര്‍ണൂരില്‍ എത്തിച്ചു. ഇവര്‍ കണക്ഷന് ട്രെയിനില്‍ തിരുനല്വേലിയിലേക്കുപോയി. മംഗളൂരുവില്‍നിന്ന് സൂറത്ത്കലിലേക്കും തിരിച്ചും യാത്രക്കാരെ ബസില്‍ എത്തിച്ചു.
എറണാകുളം ജങ്ഷന്–- നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഷെര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പാലക്കാട്, ഈറോഡ്, സേലം, ജോലാര്‍പേട്ട, റെനിഗുണ്ട, ബാള്ഹര്ഷ, ജുജ്ഹാര്പുര് വഴി തിരിച്ചുവിട്ടു. പാലക്കാട് ഡിആര്‍എം ത്രിലോക് കൊട്ടാരി സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ ഡോ. രാജേന്ദ്രയും സ്ഥിതിഗതി വിലയിരുത്തി.