കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലെ വാഹനപ്രേമികള്‍ ഏറ്റവുമധികം ചർച്ച ചെയ്ത വിഷയങ്ങളിലൊന്നാണ് ബെംഗളൂരുവില്‍ ഓടിക്കൊണ്ടിരുന്ന ലംബോർഗിനിക്ക് തീപിടിത്തമുണ്ടായ സംഭവം.സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ സഞ്ജീവിന്റെ വാഹനത്തിലാണ് തീപിടിത്തമുണ്ടായത്. വാഹനത്തിന്റെ സുരക്ഷ സംബന്ധിച്ച് വലിയ ചർച്ചകള്‍ ഉയർന്നിരുന്നുവെങ്കിലും തീപിടിത്തത്തിനുള്ള കാരണം വാഹന ഉടമ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.ഓടിക്കൊണ്ടിരുന്ന ലംബോർഗിനി കാറില്‍ തീപിടിത്തമുണ്ടായത് പെട്രോള്‍ ചോർച്ചയെ തുടർന്നാണെന്നാണ് ഉടമയും ഇൻഫ്ളുവൻസറുമായ സഞ്ജീവ് അറിയിച്ചിരിക്കുന്നത്.
പെട്രോള്‍ ചോർച്ചയെ തുടർന്നുണ്ടായ തീ കാറിലെ കേബിളിലേക്ക് പടരുകയായിരുന്നുവെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം. വേഗത്തില്‍ തിരിച്ചറിയാനും തീയണയ്ക്കാനും സാധിച്ചുവെന്നും കാറിന് കാര്യമായ നാശമുണ്ടായിട്ടില്ലെന്നും സഞ്ജീവ് പറഞ്ഞു.സഞ്ജീവ് കുടുംബത്തിനൊപ്പം ലംബോർഗിനി അവന്റഡോർ സൂപ്പർ കാറില്‍ യാത്രചെയ്യുമ്ബോഴാണ് സംഭവം. കാറിന്റെ പിന്നില്‍ എൻജിന്റെ ഭാഗത്ത് നിന്നാണ് തീയുയർന്നത്. അഞ്ച് കോടി രൂപ മുതല്‍ ഒമ്ബത് കോടി രൂപ വരെ എക്സ്ഷോറൂം വില വരുന്ന വാഹനമാണ് ലംബോർഗിനി അവന്റഡോർ.
വാഹനത്തിന്റെ പിൻഭാഗത്തുനിന്ന് തീ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. വെള്ളം, ഫയർ എക്സ്റ്റിംഗ്യൂഷർ, മണല്‍ തുടങ്ങിയവ ഉപയോഗിച്ച് ആളുകള്‍ തീ അണയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.വാഹനം പൂർണമായും കത്തി നശിച്ചുവെന്ന അഭ്യൂഹം പടർന്നുവെങ്കിലും കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് സഞ്ജീവ് ആദ്യം തന്നെ വ്യക്തമായിരുന്നു. സംഭവത്തില്‍ അദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കില്ല. വാഹനപ്രേമിയായ സഞ്ജീവിന് പത്തിലേറെ അത്യാഡംബര കാറുകളുണ്ട്. കഴിഞ്ഞ വർഷം മുംബൈയിലും ഓടിക്കൊണ്ടിരിക്കുന്ന ലംബോർഗിനിയില്‍ തീപിടിത്തമുണ്ടായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.