നഗരത്തില്‍ പത്ത് കോടി രൂപ വിലമതിയ്ക്കുന്ന ലംബോർഗിനി കാറിന് ഓടിക്കൊണ്ടിരിക്കെ തീപ്പിടിച്ചു. കന്നഡയിലെ പ്രശസ്ത സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ സഞ്ജീവിന്റെ എവന്റഡോർ കാറിനാണ് തീപ്പിടിച്ചത്.സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വാഹനത്തിന്റെ പിൻഭാഗത്തുനിന്ന് തീ ഉയരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വെള്ളം, ഫയർ എക്സ്റ്റിംഗ്യൂഷർ, മണല്‍ തുടങ്ങിയവ ഉപയോഗിച്ച് ആളുകള്‍ തീ അണയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഉടൻ തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.
വാഹനം പൂർണമായും കത്തി നശിച്ചുവെന്ന അഭ്യൂഹം പടർന്നുവെങ്കിലും കാറിന് കാര്യമായ നാശമുണ്ടായിട്ടില്ലെന്ന് സഞ്ജീവ് വ്യക്തമാക്കി. വാഹനപ്രേമിയായ സഞ്ജീവിന് പത്തിലേറെ അത്യാഡംബര കാറുകളുണ്ട്. കഴിഞ്ഞ വർഷം മുംബൈയിലും ഓടിക്കൊണ്ടിരിക്കേ ലംബോർഗിനിയില്‍ തീപ്പിടിത്തമുണ്ടായിരുന്നു. പുതിയ സംഭവം കൂടിയായതോടെ കാറിന്റെ സുരക്ഷ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ച ആരംഭിച്ചിരിക്കുകയാണ്.