ബംഗളൂരു: കൃത്രിമ പൂക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി പൂ കര്‍ഷകര്‍. ബംഗളൂരു ലാല്‍ബാഗ് ഗാര്‍ഡനിലാണ് ഹോര്‍ട്ടികള്‍ചര്‍ വകുപ്പിന്റെയും ഹെബ്ബാളിലെ അന്താരാഷ്ട്ര പൂ ലേല കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ വ്യത്യസ്തമായ ബോധവത്കരണ പരിപാടി നടന്നത്. ലാല്‍ബാഗിലെ സന്ദര്‍ശകര്‍ക്ക് ആയിരക്കണക്കിന് റോസാപ്പൂക്കള്‍ വിതരണം ചെയ്തായിരുന്നു ബോധവത്കരണം.
പൂക്കള്‍ക്കൊപ്പം സെല്‍ഫി പോയന്റും ഒരുക്കിയിരുന്നു. ജൈവരീതിയില്‍ വളര്‍ത്തിയെടുക്കുന്ന ചെടികളില്‍നിന്നുള്ള പൂക്കള്‍ ഉപയോഗിക്കുന്നത് ശീലമാക്കണമെന്നും വേദികളില്‍നിന്നും വീടുകളില്‍നിന്നും പ്ലാസ്റ്റിക് പൂക്കള്‍ ഒഴിവാക്കണമെന്നും കര്‍ഷകര്‍ അഭ്യര്‍ഥിച്ചു.
പ്ലാസ്റ്റിക് പൂക്കളുടെ അതിപ്രസരം കൊണ്ട് പൂവിപണിയില്‍ ഇടിവുണ്ടാകുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ പൂവിപണിയില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടകയെന്നും പ്ലാസ്റ്റിക് പൂക്കള്‍ ഒഴിവാക്കി പൂ കര്‍ഷകരെ സഹായിക്കുകയും പൂ വിപണി നിലനിര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംബന്ധിച്ച അഡീഷനല്‍ ചീഫ് സെക്രട്ടറി ശാലിനി രജനീഷ് പറഞ്ഞു. 38,000 ഹെക്ടറിലാണ് കര്‍ണാടകയില്‍ പൂകൃഷി നടക്കുന്നതെന്ന് ഫ്ലവര്‍ ഗ്രോവേഴ്സ് അസോസിയേഷൻ സൗത്ത് ഇന്ത്യ പ്രസിഡന്റ് ടി.എം. അരവിന്ദ് ചൂണ്ടിക്കാട്ടി. ഹോര്‍ട്ടികള്‍ചര്‍ ആൻഡ് സെറികള്‍ചര്‍ വകുപ്പ് സെക്രട്ടറി ഷംല ഇഖ്ബാല്‍, ഹോര്‍ട്ടികള്‍ചര്‍ ജോയന്റ് ഡയറക്ടര്‍ വിശ്വനാഥ് മുനിയപ്പ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.