ഡിസംബർ മാസം പകുതിയായിയതോടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് ടിക്കറ്റ് ബുക്കിങ്ങിന്‍റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ് മറുനാട്ടിലുള്ളവർ. പതിവുപോലെ തന്നെ കഴുത്തറപ്പൻ നിരക്കിൽ യാത്രക്കാരെ പിഴിയുവാൻ കാത്തിരിക്കുകയാണ് സ്വകാര്യ ബസ് സർവീസുകൾ. സീസൺ ആയതോടെ മൂന്നും നാലും ഇരട്ടി തുകയാണ് ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രൈവറ്റ് ബസ് സര്‍വീസുകൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.ക്രിസ്തുമസിന് വാരാന്ത്യത്തിൽ അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസം മുൻപ് നാട്ടിലേക്കെത്തുവാൻ കഴിയുന്ന വിധത്തിലാണ് സാധാരണക്കാർ പലരും ബസ് നോക്കുന്നത്. ഒരുപാട് ലീവ് എടുക്കാതെ, ക്രിസ്മസ് ആഘോഷിച്ച് മടങ്ങാന്‍ കാത്തിരിക്കുന്നവർ ക്രിസ്മസിനോട് ഏറ്റവും അടുത്ത തിയതി നോക്കിയാണ് ടിക്കറ്റ് എടുക്കുക.
ക്രിസ്മസ് സീസണിൽ ബെംഗളൂരു, ചെന്നൈ, മൈസൂർ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്നവരടക്കം ഡിസബംർ 20 മുതൽ 24 വരെയാണ് ഏറ്റവും തിരക്കുള്ള സമയം. ഈ തിയതികളില്‍ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് പോക്കറ്റ് കീറുന്ന തരത്തിലാണ്.
ബെംഗളൂരു-എറണാകുളം റൂട്ടിൽ:ബെംഗളൂരു-എറണാകുളം റൂട്ടിൽ ക്രിസ്മസ് സീസണിലെ ടിക്കറ്റ് നിരക്ക് 6000 വരെ എത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ സാധ്യതയുള്ള ഡിസംബർ 21 ശനിയാഴ്ച ഈ റൂട്ടില്‍ 2000 മുതൽ 3999 രൂപാ വരെയുള്ള നിരക്കിലാണ് റെഡ് ബസിൽ ബുക്കിങ് കാണിക്കുന്നത്.22 ന് 1499 മുതൽ 3640 വരെയുള്ള ടിക്കറ്റുകളും 23 ന് 1345 രൂപാ മുതൽ നോൺ എസി സീറ്റർ ബസുകളിൽ തുടങ്ങി 5200 രൂപാ വരെ മറ്റു എസി സ്ലീപ്പർ ബസുകളും ലഭിക്കും.ക്രിസ്മസ് തലേന്ന്, 24 ന് 4676 രൂപാ വരെയുമാണ് പരമാവധി തുക ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ബെംഗളൂരു- കണ്ണൂർ റൂട്ടിൽ:സീസണിൽ തിരക്ക് അനുഭവപ്പെടുന്ന മറ്റൊരു റൂട്ട് ബെംഗളൂരു- കണ്ണൂർ ആണ്. 1200 രൂപാ മുതൽ 2500 രൂപാ വരെയാണ് ഡിസംബർ 21 ലെ ടിക്കറ്റ് നിരക്ക്. 22 ഞായറാഴ്ച 899 ൽ തുടങ്ങി 2200 വരെ ഉയരുന്നു. 23 ന് ടിക്കറ്റ് നിരക്ക് വീണ്ടും ഉയർന്ന് 2200 ൽ ആണ് തുടങ്ങുന്നത്. അത് 2499 വരെ വരുന്നു. ക്രിസ്മസ് തലേന്ന്, ഡിസംബർ 24 ന് 2500 രൂപയാണ് കൂടിയ നിരക്ക്.
എറണാകുളം- ചെന്നൈ റൂട്ടിൽ :ത്രക്കാർ ഏറെയുള്ള എറണാകുളം- ചെന്നൈ റൂട്ടിൽ ടിക്കറ്റുകൾ ആവശ്യത്തിന് ലഭ്യമല്ലാത്തതാണ് യാത്രക്കാരുടെ പ്രശ്നം. ഈ റൂട്ടിലെ പ്രധാന സർവീസായ എറണാകുളം- ചെന്നൈ സ്വിഫ്റ്റ് ഗരുഡാ എസി ബസിൽ ടിക്കറ്റ് വില്പന അവസാന ഘട്ടത്തിലെത്തി. പ്രധാന ദിവസങ്ങളിൽ ചുരുക്കം സീറ്റുകൾ മാത്രമാണ് ബുക്കിങ്ങിനായി ലഭ്യമായിട്ടുള്ളത്. 20, 21 തിയതികളിൽ വരാൻ ടിക്കറ്റില്ല. 22 നും 23 നും ചുരുക്കം സീറ്റുകളാണ് ബാക്കിയുള്ളത്. ക്രിസ്മസ് പുലർച്ചെ നാട്ടിലെത്തണമെങ്കിലും സീറ്റ് കിട്ടാത്ത അവസ്ഥയാണ്.
അതേസമയം എറണാകുളം- ചെന്നൈ റൂട്ടിൽ പ്രഖ്യാപിച്ച സ്പെഷ്യൽ സൂപ്പർ ഡീലക്സ് ബസുകൾ വൈകിട്ട് 6.30നു കിലാമ്പാക്കത്ത് നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.25ന് എറണാകുളത്ത് എത്തും. ഈ ബസുകളിൽ ടിക്കറ്റ് വില്പന നടക്കുന്നുണ്ട്.ചെന്നൈ- കോട്ടയം റൂട്ടിലും കെഎസ്ആർടിസി പ്രത്യേക ബസുകൾ പ്രഖ്യപിച്ചിട്ടുണ്ട്. 20, 21 തിയതികളിൽ വൈകുന്നേരം 6.00 മണിക്ക് കിലാമ്പാക്കത്ത് നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.10നു കോട്ടയത്തെത്തുന്ന വിധത്തിലാണ് സമയം.
ട്രെയിനിൽ ടിക്കറ്റില്ല:കുറഞ്ഞ നിരക്കിൽ ട്രെയിനിൽ വരാമെന്ന് വിചാരിച്ചാലും എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റുകൾ ബുക്കിങ് പൂർത്തിയായിരിക്കുകയാണ്. റെയിൽവേ അയല്‍ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ട് ആയിരിക്കുകയാണ്.തിരുവനന്തപുരം എസി സൂപ്പർ ഫാസ്‌റ്റ് എക്‌സ്‌പ്രസ്, തിരുവനന്തപുരം മെയിൽ, ആലപ്പി സൂപ്പർ ഫാസ്‌റ്റ്, വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ്, ചെന്നൈ വഴി പോകുന്ന രപ്‌തി സാഗർ എക്‌സ്‌പ്രസ്, ടാറ്റ- എറണാകുളം എക്‌സ്‌പ്രസ്, ധൻബാദ് -ആലപ്പി എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. കൊച്ചുവേളി ഹംസഫർ, എറണാകുളം എക്‌സ്‌പ്രസ്, ഐലന്‍ഡ് എക്‌സ്‌പ്രസ്, യശ്വന്ത്‌പുർ- കണ്ണൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലും ഇതേ അവസ്ഥ തന്നെയാണ്.