ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി.മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു. വാല്മീകി മഹർഷിയാണ് ഇത്തവണത്തെ പുഷ്പമേളയുടെ ആശയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുഷ്പങ്ങൾ മേളയിൽ പ്രദർശിക്കും. പുഷ്പങ്ങൾ ഉപയോഗിച്ച് നിർമിച്ച വിവിധ മാതൃകകൾ സന്ദർശകർക്ക് കൗതുകക്കാഴ്ച സമ്മാനിക്കുന്നു.
11 ദിവസത്തെ പുഷ്പമേളയിൽ എട്ട് മുതൽ 10 ലക്ഷം സന്ദർശകർവരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.80 കോടി രൂപ ചെലവിലാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. പുഷ്പമേള ആസ്വദിക്കാനെത്തുന്നവരുടെ സൗകര്യാർഥം വിൽസൻഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷന്റെ പരിധിയിൽ പാർക്കിങ്ങിന് നിരോധനമുണ്ടാകും.പാർക്കിങ്ങിനായി പ്രത്യേകസ്ഥലം ക്രമീകരിച്ചിട്ടുണ്ടെന്നും അവിടെ മാത്രമേ വാഹനം നിർത്തിയിടാവൂവെന്നും പോലീസ് അറിയിച്ചു.
ഭാരതപ്പുഴ അപകടം: ഒഴുക്കിൽപ്പെട്ട നാലുപേരും മരിച്ചു
തൃശ്ശൂര്‍: ചെറുതുരുത്തി പൈങ്കുളത്ത് ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേരും ഒഴുക്കില്‍പെട്ടു മരിച്ചു. ചെറുതുരുത്തി സ്വദേശിനി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ റെഹാന, പത്തുവയസുകാരിയായ മകള്‍ സൈറ, കബീറിന്റെ സഹോദരിയുടെ മകന്‍ സനു (12) എന്നിവരാണ് മരിച്ചത്. നേരത്തെ റെഹാനയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. രാത്രിയും നടത്തിയ തിരച്ചിലിലാണ് മറ്റു മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുഴയില്‍ ധാരാളം കുഴികള്‍ ഉണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ തീരത്ത് ഉണ്ടായിരുന്നില്ല. ഇവര്‍ വീണ ഭാഗത്ത് ആഴം കൂടുതലാണെന്നും ചെറിയ കുഴികള്‍ ധാരാളം ഉള്ളതായും പറയുന്നു.