Home Featured ലഘുഭക്ഷണവും വൈഫൈയും;അടിമുടി മാറിയ ആനവണ്ടി ഓണത്തിന് മുമ്ബ് ഓട്ടം തുടങ്ങും

ലഘുഭക്ഷണവും വൈഫൈയും;അടിമുടി മാറിയ ആനവണ്ടി ഓണത്തിന് മുമ്ബ് ഓട്ടം തുടങ്ങും

by admin

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രീമിയം ബസുകള്‍ ഓണത്തിന് മുമ്ബ് സർവീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്.

ഇതിനായുള്ള നടപടി ക്രമങ്ങള്‍ കോർപ്പറേഷൻ പൂർത്തിയാക്കി വരികയാണ്. നേരത്തേ തന്നെ പ്രീമിയം ബസുകളുടെ ട്രയല്‍ റണ്‍ പൂർത്തിയായിരുന്നു. പത്തു ബസുകള്‍ ഓണത്തിന് മുമ്ബ് നിരത്തിലിറക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ആകെ 40 പ്രീമിയം ബസുകളാണ് ആദ്യഘട്ടത്തില്‍ സർവീസ് നടത്തുക.

ദീർഘദൂര യാത്രക്കാർക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയുള്ള യാത്രയെന്നതാണ് പ്രീമിയം സർവീസുകള്‍ കൊണ്ട് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്. കൂടുതല്‍ ആളുകളെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനായി ആകർഷിക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൂർണമായി എയർകണ്ടീഷൻ ചെയ്ത ബസില്‍ യാത്രക്കാർക്ക് വൈഫൈ സൗകര്യവും ഒപ്പം ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തും. സീറ്റ് ബെല്‍റ്റോടു കൂടിയ 35 പുഷ്ബാക്ക് സീറ്റുകളും ഫുട്ട് റെസ്റ്റും മൊബൈല്‍ ചാർജിംഗ് പോർട്ടുകളും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പ്രീമിയം ബസുകളുടെ ട്രയല്‍ റണ്‍ നേരത്തെ പൂർത്തിയായിരുന്നു. ടാറ്റയുടെ മാർക്കോപോളോ ബസുകളാണ് ഇതിന് ഉപയോഗിച്ചത്. ഇതില്‍ കെഎസ്‌ആർടിസിക്ക് വേണ്ട മാറ്റങ്ങള്‍ കൂടി വരുത്തിയ ശേഷമാകും ബസുകള്‍ നിരത്തിലെത്തുക. എല്ലാ കെഎസ്‌ആർടിസി സ്റ്റാൻഡുകളിലും കയറില്ലെന്നതാണ് പ്രീമിയം സർവീസിന്റെ മറ്റൊരു സവിശേഷത. ബസിലെ എല്ലാ സീറ്റിലും യാത്രക്കാരുണ്ടെങ്കില്‍ പിന്നീട് യാത്രക്കാരന് ഇറങ്ങേണ്ടതില്ലാത്ത ഒരു സ്റ്റോപ്പിലും വണ്ടി നിർത്തില്ല.

ടിക്കറ്റ് ചാർജിന് പുറമെ 20 രൂപ കൂടി നല്‍കിയാല്‍ ബസില്‍ കയറാൻ സ്റ്റാൻഡില്‍ എത്തണമെന്നില്ല. വഴിയില്‍ നിന്ന് തന്നെ കയറാം എന്ന സവിശേഷതയുമുണ്ട് പ്രീമിയം ബസ് സർവീസുകള്‍ക്ക്. അതോടൊപ്പം തന്നെ റെയില്‍വേ മോഡല്‍ മാറ്റത്തിനും കെഎസ്‌ആർടിസി തയ്യാറെടുക്കുകയാണ്.ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റെയില്‍വേയുടെ മാതൃക സ്വീകരിക്കാനാണ് കെഎസ്‌ആർടിസി തയ്യാറെടുക്കുന്നത്. ഇതിനായി റെയില്‍വേയുടെ മാതൃകയില്‍ ആപ്പുകള്‍ വികസിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ അറിയിച്ചു.

അതോടൊപ്പം തന്നെ കെഎസ്‌ആർടിസി സ്റ്റാൻഡുകളില്‍ ഡിസ്പ്ലേ ബോർഡുകള്‍ സ്ഥാപിച്ച്‌ ബസുകളുടെ ഓരോ റൂട്ടിലേക്കുള്ള വരവും പോക്കും കൃത്യമായി പ്രദർശിപ്പിക്കാനും ആലോചനയുണ്ട്. റെയില്‍വേയുടെ അതേ മാതൃക പിന്തുടർന്ന് യാത്രക്കാർക്ക് വിവരം ചോദിച്ച്‌ മനസ്സിലാക്കുന്നതിന് പകരമായി ബസുകളുടെ റൂട്ടും സമയവും മൈക്കിലൂടെ അനൗണ്‍സ് ചെയ്യുന്ന രീതിയും കൊണ്ടുവരാൻ ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group