ബെംഗളൂരു∙ നമ്മ മെട്രോ ബെന്നിഗനഹള്ളി സ്റ്റേഷന്റെ നിർമാണം വൈകുന്നതിനെ തുടർന്ന് കെആർ പുരം–ബയ്യപ്പനഹള്ളി പാത ഓഗസ്റ്റ് അവസാനത്തോടെ മാത്രമേ തുറക്കാനാകൂ. ജൂലൈയിൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാതയാണിത്. പർപ്പിൾ ലൈനിൽ ബയ്യപ്പനഹള്ളി മുതൽ കെആർ പുരം വരെ 2.5 കിലോമീറ്റർ വരുന്ന പാതയിൽ ബെന്നിഗനഹള്ളി സ്റ്റേഷന്റെ വൈദ്യുതീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്.
കെആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 13.5 കിലോമീറ്റർ പാത മാർച്ചിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. പർപ്പിൾ ലൈനിൽ നിർമാണം പൂർത്തിയാകാനുള്ള കെങ്കേരി–ചല്ലഘട്ട പാത (1.5 കിലോമീറ്റർ) കൂടി പൂർത്തിയായശേഷം മാത്രമേ ബയ്യപ്പനഹള്ളി–കെആർ പുരം പാതയും തുറക്കുകയുള്ളൂ. ബയ്യപ്പനഹള്ളി –കെആർ പുരം പാതയിലും ജൂലൈ കെങ്കേരി–ചല്ലഘട്ട പാതയിലും ജൂലൈ പകുതിയോടെ മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്ന് ബിഎംആർസി എംഡി അഞ്ജൂം പർവേസ് പറഞ്ഞു.
ഈ പാത കൂടി തുറക്കുന്നതോടെ ബെംഗളൂരുവിന്റെ പടിഞ്ഞാറൻ മേഖലയായ ചല്ലഘട്ട മുതൽ കിഴക്കൻ മേഖലയായ വൈറ്റ്ഫീൽഡ് വരെ 43.5 കിലോമീറ്റർ ദൂരം 1.40 മണിക്കൂറിൽ ഒറ്റ ട്രെയിനിൽ സഞ്ചരിക്കാനാകും.മൈസൂരു റോഡ് മുതൽ കെങ്കേരി വരെയുള്ള പാത 2021 ഓഗസ്റ്റിലാണ് യാത്രയ്ക്കായി തുറന്നത്. വ്യവസായ മേഖലയായ ബിഡദി, ഹെജ്ജല എന്നിവയോട് ചേർന്നാണ് ചല്ലഘട്ട സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ ബെംഗളൂരു കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
ഈരാറ്റുപേട്ട: തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ബെംഗളൂരു പിഇഎസ് കോളജ് വിദ്യാര്‍ഥി അഫലേഷ് (19) ആണ് മരിച്ചതെന്നാണ് വിവരം. ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്.ബെംഗളൂരുവില്‍ നിന്ന് വാഗമണ്ണില്‍ എത്തിയ അഞ്ചംഗ സംഘത്തിലെ യുവാവാണ് അപകടത്തില്‍പെട്ടത്. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരുംവഴി മാര്‍മല അരുവിയിലേക്കും സംഘം പോകുകയായിരുന്നു. മാര്‍മല അരുവിയില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്.
മുന്നറിയിപ്പുകളെ വകവയ്ക്കാതെ വെള്ളത്തില്‍ ഇറങ്ങുന്നത് വീണ്ടും അപകടങ്ങള്‍ക്കിടയാക്കുകയാണ്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നീന്തല്‍ പരിചയമുള്ളവര്‍പോലും തണുത്തുറഞ്ഞ വെള്ളത്തില്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.