Home covid19 രാജ്യത്താദ്യമായി കൊവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ് ! വൈറസ് ബാധ വീണ്ടും വരുന്നത് എങ്ങനെ ?

രാജ്യത്താദ്യമായി കൊവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ് ! വൈറസ് ബാധ വീണ്ടും വരുന്നത് എങ്ങനെ ?

by admin

തിരുവനന്തപുരം: രാജ്യത്തെ ആശങ്കയിലാക്കി ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വീണ്ടും കൊവിഡ്. ഈ വാര്‍ത്ത കാണുമ്ബോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങള്‍ ഉണ്ട്. കൊവിഡ് വീണ്ടും വരാമല്ലോ എന്നതാണ് ഒന്നാമത്തേത്. ശരിയാണ് വീണ്ടും വരാം. തൃശൂര്‍ നഗരത്തിലെ തന്നെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ നിന്ന് വുഹാനിലെ എംബിബിഎസ് പഠനം ഓണ്‍ലൈനായി തുടര്‍ന്ന് വരികയായിരുന്നു ഈ കുട്ടി. സമ്ബര്‍ക്കത്തിലൂടെയോ പ്രതിരോധത്തിലെ കണിശത കുറവോ വീണ്ടുമുള്ള രോഗബാധയ്ക്ക് കാരണമായിട്ടുണ്ടാകാം. ഒരു തവണ രോഗം വന്നു പോയൊരാള്‍ക്ക് പ്രതിരോധ ശേഷി ഉണ്ടാകില്ലേയെന്ന അടുത്ത ചോദ്യത്തിനും വൈദ്യ ശാസ്ത്രത്തില്‍ കൃത്യമായ ഉത്തരം ഉണ്ട്.

കൊവിഡ് ഒരു തവണ വന്നു കഴിഞ്ഞാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഉള്ള ആന്റിബോഡി ശരീരത്തില്‍ രൂപം കൊള്ളും. താല്‍ക്കാലികമായി ലഭിക്കുന്ന ഈ പ്രതിരോധത്തിന്റെ കാലവധി പരമാവധി മൂന്നു മാസം മുതല്‍ ആറു മാസം വരെ ആണ്. 2019 ജനുവരി 30ന് രോഗം സ്ഥിരീകരിച്ച ഈ കുട്ടിക്ക് ഒന്നര വര്‍ഷത്തിനിപ്പുറം ഈ ആന്റിബോഡി പ്രതിരോധം ഉണ്ടാകില്ല. അപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലേ എന്നതാണ്. അതിനുമുണ്ട് ഉത്തരം.18 വയസ് മുതല്‍ 45 വയസ്സുവരെ ഉള്ളവരില്‍ വാക്സിനേഷന്‍ തുടങ്ങിയിട്ട് കുറച്ച്‌ നാളുകള്‍ ആയിട്ടെ ഉള്ളു. വാക്സീന്‍ ക്ഷാമം കാരണം 45 വയസിന് മുകളില്‍ ഉള്ളവരില്‍ പോലും കുത്തിവയ്പ് പൂര്‍ണമാക്കാന്‍ ആകാത്ത സാഹചര്യത്തില്‍ 21 വയസായ ഈ കുട്ടിക്ക് അത്ര എളുപ്പം വാക്‌സിന്‍ കിട്ടില്ലെന്നുറപ്പ്.

ഇനി വാക്സീന്‍ എടുത്താല്‍ തന്നെ പൂര്‍ണ സംരക്ഷണം ആകില്ല. മാസ്‌ക്, ശാരീരിക അകലം,കൈകള്‍ ഇടക്കിടെ വൃത്തിയാക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിച്ചില്ലെങ്കില്‍ പണി പാളും. ചുരുക്കത്തില്‍ നമ്മള്‍ അറിയേണ്ടത് ഇത്രമാത്രം, ഒരു തവണ കൊവിഡ് വന്നുപോയലോ വാക്സീന്‍ സ്വീകരിച്ചാലോ മാത്രം പിന്നെയും കൊവിഡ് വരാതെ പോകില്ല. ലക്ഷണങ്ങളൊന്നുമില്ലാതെ ഒരു ശല്യവും ചെയ്യാതെ ചിലപ്പോള്‍ കൊവിഡ് വന്നുപോകാം. എന്നാല്‍ ചിലരില്‍ അത് ഗുരുതരമാകും. മരണത്തിലേക്കും നയിക്കാം. കൊവിഡ് വന്നുപോയതില്‍ ആശ്വാസം കാണാമെന്ന് കരുതിയാല്‍ ആ ആശ്വാസവും ശാശ്വതമല്ല. കാരണം കോവിഡാനന്തര പ്രശ്നങ്ങള്‍, അത് ക്ഷീണം ഉറക്കമില്ലായ്മ ഇങ്ങനെ തുടങ്ങി ഹൃദയാഘാതം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

ഇപ്പോള്‍ കൊവിഡ് പോസിറ്റീവ് ആയ , രാജ്യത്തെ തന്നെ ആദ്യ കോവിഡ് ബാധിതയ്ക്ക് ഇപ്പോഴും ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. ആദ്യം രോഗം വന്നപ്പോഴും വലിയ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ നിന്ന് തിരികെ വന്നത് കൊണ്ടാണ് ആദ്യം പെണ്‍കുട്ടിയെ പരിശോധിച്ചതെങ്കില്‍ ഇത്തവണ ദില്ലി യാത്രയ്ക്ക് വേണ്ടി ആ കുട്ടി നടത്തിയ പരിശോധനയില്‍ ആണ് രോഗ ബാധ സ്ഥിരീകരിച്ചത്. ആശുപത്രി വാസം വേണ്ടാത്ത തരത്തില്‍ ആയതിനാല്‍ ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് പെണ്‍കുട്ടി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group