ബെംഗളൂരു : ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ദക്ഷിണ കൊറിയന്‍ വിനോദ സഞ്ചാരിയായ യുവതി.സുഹൃത്തിനെ കാണാന്‍ ബെംഗളൂരുവിലെത്തിയ യുവതിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. സംഭവത്തില്‍ പ്രതിയായ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറിയയിലേക്കുള്ള വിമാനത്തില്‍ കയറാൻ കെംപഗൗഡ വിമാനത്താവളത്തില്‍ എത്തിയതായിരുന്നുവെന്ന് യുവതി. ഇമിഗ്രേഷൻ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയപ്പോള്‍ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദ് അവരുടെ ബാഗേജ് പരിശോധിക്കാൻ എത്തി. സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ലഗേജില്‍ നിന്നും ഒരു ബീപ് ശബ്ദം വരുന്നുണ്ടെന്ന് ജീവനക്കാരൻ പറഞ്ഞു. വ്യക്തിഗത സുരക്ഷാ പരിശോധനയ്ക്ക് തയാറാകണമെന്നായിരുന്നു ആവശ്യം.
കുറ്റപ്പെടുത്തുന്ന സ്വരത്തിലാണ് ജീവനക്കാരൻ സംസാരിച്ചത് അത് ബുദ്ധിമുട്ടിച്ചുവെന്നും നിയമപരമായ സുരക്ഷാ നടപടിക്രമമാണെന്ന് വിശ്വസിച്ച് സമ്മതം നല്‍കിയെന്നും യുവതി പരാതിയില്‍ പറയുന്നു. ജീവനക്കാരൻ പരിശോധനയ്ക്കായി പുരുഷന്മാരുടെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയെന്നും യുവതി പറയുന്നു. തുടർന്ന് സുരക്ഷാ പരിശോധനയുടെ മറവില്‍ അയാള്‍ നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും സ്പർശിക്കുകയും പിന്നില്‍ നിന്ന് കെട്ടിപ്പിടിക്കുകയും ചെയ്തുവെന്നും യുവതി വെളിപ്പെടുത്തി.അയാളുടെ പ്രവർത്തികള്‍ തെറ്റാണെന്ന് അറിയാമായിരുന്നുവെന്നും ആ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാൻ എതിർക്കാനായില്ലെന്ന് യുവതി പറയുന്നു. പിന്നീട് യുവതി എയർലൈൻ ജീവനക്കാരുടെ സഹായത്തോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. സിംഗപ്പൂർ എയർലൈൻസ് ജീവനക്കാർ തന്നെ സഹായിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തുവെന്നും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും തന്നെ പിന്തുണച്ചുവെന്നും യുവതി വ്യക്തമാക്കി.