Home Featured കേരള ആർടിസി പാർസൽ സർവീസിനു തുടക്കം

കേരള ആർടിസി പാർസൽ സർവീസിനു തുടക്കം

by admin

ബെംഗളൂരു∙ ഏറെ കാത്തിരിപ്പിനു ശേഷം കേരള ആർടിസിയുടെ പാഴ്സൽ സർവീസിന് ബെംഗളൂരുവിലും തുടക്കമായി. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലെ  റിസർവേഷൻ കൗണ്ടറിൽ രാവിലെ 6 മുതൽ രാത്രി 10 വരെ ബുക്കിങ്ങിന് അവസരം ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജൂൺ 15നാണ്  കേരളത്തിലെ 55 ഡിപ്പോകളെ ബന്ധിപ്പിച്ച് കുറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. ബെംഗളൂരുവിന് പുറമേ കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി എന്നിവിടങ്ങളിലും സേവനം ലഭ്യമാണ്.

കേരളത്തിലെ 14 ജില്ലകളെയും ബന്ധിപ്പിച്ച് ബെംഗളൂരുവിൽ നിന്ന് ബസ് സർവീസുകൾ ഉള്ളതിനാൽ 24 മണിക്കൂറിനുള്ളിൽ പാഴ്സൽ ലക്ഷ്യസ്ഥാനത്തെത്തും. ബെംഗളൂരുവിൽ നിന്ന് പ്രതിദിനം 45–50 സർവീസുകളാണ് കേരള ആർടിസി നടത്തുന്നത്. നേരത്തെ സ്വകാര്യ ഏജൻസിയുമായി സഹകരിച്ച് കേരള ആർടിസി പാഴ്സൽ സർവീസ് നടത്തിയിരുന്നെങ്കിലും സാമ്പത്തിക നഷ്ടത്തെ തുടർന്ന് 3 വർഷം മുൻപ് ഉപേക്ഷിച്ചു. 2021ൽ കർണാടക ആർടിസി ‘നമ്മ കാർഗോ’ എന്ന പേരിൽ കേരളത്തിലേക്ക് ഉൾപ്പെടെ പാഴ്സൽ സർവീസ് ആരംഭിച്ചത് വലിയ വിജയമായിരുന്നു. 

പാഴ്സൽ അയയ്ക്കാനുള്ള സാധനങ്ങൾ പായ്ക്ക് ചെയ്ത് കൃത്യമായ മേൽവിലാസത്തോടെ തിരിച്ചറിയൽ രേഖയുമായി സാറ്റലൈറ്റിലെ കൗണ്ടറിൽ എത്തിക്കണം. ഇലക്ട്രോണിക് യന്ത്രത്തിൽ ഭാരം പരിശോധിച്ച് ബുക്കിങ് സ്വീകരിച്ച് കഴി‍ഞ്ഞാൽ അയക്കുന്ന ആളിനും പാഴ്സൽ സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകൾ വാട്സാപ് മെസേജായി ലഭിക്കും. പാഴ്സൽ സ്വീകരിക്കുന്നയാളും തിരിച്ചറിയൽ കാർഡുമായി എത്തണം. 3 ദിവസം വരെ ഡിപ്പോയിൽ പാഴ്സൽ സൂക്ഷിക്കും. 3 ദിവസത്തിനുള്ളിൽ സ്വീകരിച്ചില്ലെങ്കിൽ നിന്ന് പിഴ ഈടാക്കും.

സാറ്റലൈറ്റ് ബസ് ടെർമിനലിലെ കൗണ്ടറിൽ പാഴ്സലുകൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതിയാണ് അധികൃതരെ വലയ്ക്കുന്നത്. സമീപത്ത് പുതിയ കൗണ്ടർ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭിക്കാത്തതും ഉയർന്ന വാടക നിരക്കുമാണ് പ്രതിസന്ധി.

ബെംഗളൂരു–കോഴിക്കോട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ്

ബെംഗളൂരു∙ ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ കേരള ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു. ബന്ദിപ്പൂർ രാത്രി യാത്രാ പാസുള്ള സൂപ്പർഫാസ്റ്റ് ബസാണ് സ്വിഫ്റ്റിലേക്ക് മാറിയത്. രാത്രി 8നു മൈസൂരു റോഡ് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് മൈസൂരു, ബത്തേരി, കൽപറ്റ താമരശ്ശേരി വഴി പുലർച്ചെ 4.25നു കോഴിക്കോട്ടെത്തും. കോഴിക്കോട്ടു നിന്ന് രാവിലെ 7ന് തിരിച്ച് വൈകിട്ട് 4നു ബെംഗളൂരുവിലെത്തും.

ബെംഗളൂരുവിൽ നിന്ന് അയയ്ക്കുന്ന പാഴ്സൽ 24 മണിക്കൂറിനുള്ളിൽ കേരളത്തിലെ ഡിപ്പോകളിൽ എത്തി വിലാസക്കാരന് കൈപ്പറ്റാം. ബത്തേരി വരെ 25 ഗ്രാം വരുന്ന കവർ അയയ്ക്കാനുള്ള കുറഞ്ഞ നിരക്ക് 45 രൂപയാണ്. രാവിലെ 7ന് പുറപ്പെടുന്ന ബത്തേരി ഡീലക്സ് ബസിൽ പാഴ്സൽ അയച്ചാൽ ഉച്ചയ്ക്ക് 1ന് മുൻപ് ബത്തേരി ഡിപ്പോയിലെത്തും. ഒരു കിലോ വരെയുള്ള സാധനങ്ങൾ അയയ്ക്കുന്നതിന് കേരളത്തിലെ നിരക്കിനൊപ്പം 50 ശതമാനം അധിക തുക നൽകണം. ഒരു കിലോ മുതൽ 120 കിലോ വരെയുള്ള പാഴ്സലുകൾക്ക് (800 കിലോമീറ്റർ പരിധി) അധിക നിരക്ക് ഈടാക്കില്ലെന്ന് കേരള ആർടിസി കുറിയർ സർവീസ് ബെംഗളൂരു ഇൻ ചാർജ് മനു മോൻ പറഞ്ഞു. കർണാടക ആർടിസി, സ്വകാര്യ ഏജൻസികളുടെ പാഴ്സൽ സർവീസിനെക്കാൾ കുറഞ്ഞ നിരക്കാണ് കേരള ആർടിസി ഈടാക്കുന്നത്. വൈകാതെ മൈസൂരുവിലും കൗണ്ടർ ആരംഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group