ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്കെത്താൻ ട്രെയിൻ ടിക്കറ്റില്ലെന്ന വിഷമത്തിൽ നിൽക്കുന്ന മറുനാടൻ മലയാളികൾക്കായി കൂടുതൽ സർവീസുകളൊരുക്കാൻ കെഎസ്ആർടിസി. ബെംഗളൂരു, ചെന്നൈ, ഹൈദരാബദ്, തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഡിസംബർ 20ന് ശേഷം ട്രെയിൻ ടിക്കറ്റ് കിട്ടാനില്ലെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നാട്ടിലേക്കെത്താൻ ആഗ്രഹിക്കുന്നവർക്കായി കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള ആർടിസി.
യാത്രാ തിരക്കുപരിഗണിച്ച് ബംഗളൂരു, ചെന്നൈ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കാണ് ക്രിസ്മസ്, ന്യൂഇയർ കാലത്ത് കെഎസ്ആർടിസി അധിക സർവീസ് നടത്തുക. കെഎസ്‌ആർടിസി ഓപ്പറേഷൻസ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രതിദിന സർവീസുകൾക്ക് പുറമേ 90 അധിക സർവീസുകൾ നടത്താനാണ് തീരുമാനം.ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യം വന്നതോടെ സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരുന്നു. ബെംഗളൂരൂ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് സർവീസുകളാണ് നിരക്ക് കൂട്ടിയത്. നിലവിൽ ആയിരം മുതൽ രണ്ടായിരംവരെയാണ് വർധന. തുടർദിവസങ്ങളിൽ ഇത് വലിയതോതിൽ വർധിക്കും.
വിമാന കമ്പനികളും നിരക്ക് നാലിരട്ടിയോളം വർധിപ്പിച്ച് കഴിഞ്ഞു. ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് ശരാശരി 13,500 മുതൽ 16,000 രൂപവരെയായി നിരക്ക്. മുൻ വർഷങ്ങളിലും അവധിക്കാലത്ത് സമാന സാഹചര്യം ഉണ്ടായിരുന്നു. റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കാൻ വൈകുന്നതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്.റെയിൽവേ മുൻകൂർ റിസർവേഷൻ ടിക്കറ്റ് എടുക്കാനുള്ള സമയപരിധി നാലുമാസത്തിൽ നിന്ന് അറുപത് ദിവസമാക്കി കുറച്ചതും പ്രതിസന്ധിയ്ക്കിടയാതക്കിയെന്ന് വിമർശനമുണ്ട്.
ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും ഉൾപ്പടെ സ്പെഷ്യൽ ട്രെയിനുകൾ വൈകാതെ തന്നെ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ചെന്നൈ – തിരുവനന്തപുരം മെയിൽ, അന്തപുരി എക്സ്പ്രസ് തുടങ്ങിയവയിൽ വെയ്റ്റിങ് ലിസ്റ്റ് തന്നെ 300 കടന്നു.മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾക്കും സമാന അവസ്ഥയാണ്. നേത്രാവതി എക്സ്‌പ്രസ്, ഡൽഹിയിൽ നിന്നുള്ള മംഗള എക്സ്‌പ്രസ്, വെരാവൽ – തിരുവനന്തപുരം എക്സ്‌പ്രസ് തുടങ്ങിയവയിലൊന്നും ക്രിസ്മസ് അവധിയ്ക്ക് ടിക്കറ്റ് കിട്ടാനില്ല. ഈ സാഹചര്യത്തിലാണ് അധിക സർീസുകളുമായി കെ എസ് ആർ ടി സി വരുന്നത്.