Home Featured ഭാരതപ്പുഴയില്‍ ചാടി മരിക്കുകയാണെന്ന് സന്ദേശം, 3 ദിവസത്തെ തെരച്ചില്‍,ഒടുവിൽ മരിച്ചയാളെ’ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി പൊലീസ്

ഭാരതപ്പുഴയില്‍ ചാടി മരിക്കുകയാണെന്ന് സന്ദേശം, 3 ദിവസത്തെ തെരച്ചില്‍,ഒടുവിൽ മരിച്ചയാളെ’ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി പൊലീസ്

by admin

പുഴയില്‍ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്‌ആപ്പ് സന്ദേശം അയച്ച്‌ സ്വയം മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാടുവിട്ടയാളെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി കേരള പൊലീസ്.ഗുജറാത്തില്‍ നിന്ന് ബിസിനസ് ആവശ്യത്തിനായി കേരളത്തിലെത്തി ഷൊര്‍ണൂരില്‍ വെച്ച്‌ ഭാരതപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്തെന്ന് വരുത്തി തീര്‍ത്ത് നാടുവിട്ട ഗുജറാത്ത് സ്വദേശിയായ ഗുഹാനി സിറാജ് അഹമ്മദ് ഭായിയെ ആണ് ഷൊര്‍ണൂര്‍ പൊലീസ് കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നാണ് സിനിമ തിരക്കഥയെ വെല്ലുന്ന രീതിയില്‍ സ്വന്തം മരണത്തെക്കുറിച്ച്‌ മറ്റുള്ളവരെ അറിയിച്ചശേഷം ഇയാള്‍ സ്ഥലം വിട്ടത്.

ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയ സിറാജിനെ ഒറ്റപ്പാലത്ത് എത്തിച്ച്‌ കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയച്ചു.സെപ്റ്റംബര്‍ 17നാണ് സിറാജ് അഹമ്മദ് ഷൊര്‍ണൂരിലെത്തുന്നത്. തുടര്‍ന്ന് പിറ്റേ ദിവസമാണ് ഷൊര്‍ണൂര്‍ പാലത്തില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി മരിക്കുകയാണെന്ന തരത്തില്‍ ഗുഹാനി സിറാജ് അഹമ്മദ് ഭാര്യക്കും ബന്ധുക്കള്‍ക്കും വാട്സ്‌ആപ്പ് സന്ദേശം അയക്കുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്സുമടക്കം ഭാരതപ്പുഴയില്‍ മൂന്ന് ദിവസം തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

തുടര്‍ന്ന് കാണാതായ ആളെ കണ്ടെത്താൻ ഷൊര്‍ണൂര്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആളെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ സിറാജ് മുറിയെടുത്തതായി കണ്ടെത്തി. പിന്നീട് പാലക്കാട്, വടക്കഞ്ചേരി ഭാഗങ്ങളില്‍ പോയതായും കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ ബെംഗളൂരുവില്‍ നിന്ന് ഷൊര്‍ണൂര്‍ പൊലീസ് സംഘം കണ്ടെത്തിയത്. ബിസിനസ് തകര്‍ന്നതിനെതുടര്‍ന്ന് 50 ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്നുവെന്നും തിരികെ നാട്ടിലേക്ക് മടങ്ങിപോകാൻ കഴിയാതെ വന്നതോടെയാണ് ഇത്തരമൊരു ‘വ്യാജ മരണം’ ഉണ്ടാക്കിയതെന്നുമാണ് സിറാജ് പൊലീസിന് നല്‍കിയ മൊഴി.

താൻ മരിച്ചെന്ന് വരുത്തിതീര്‍ക്കാൻ പാലത്തിന് മുകളില്‍ കയറി പുഴയുടെ ഫോട്ടോകളടക്കം എടുത്ത് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തിരുന്നു. ആത്മഹത്യ ചെയ്യുകയാണെന്ന് അവരെ ബോധിപ്പിച്ചശേഷം ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് സ്ഥലം വിട്ടു. പുഴയില്‍ നടത്തിയ തെരച്ചില്‍ വിഫലമായതോടെ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. ബെംഗളൂരുവില്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ പൊലീസ് സംഘം ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു.

ബെംഗളൂരുവിലെ മജസ്റ്റിക്കില്‍ വെച്ചാണ് ഇയാളെ കണ്ടെത്തിയത്. പണം കടം കൊടുക്കാനുള്ളവരോട് എന്തുപറയണമെന്നറിയാത്തതിനാലും പ്രതിസന്ധിയായതിനാലുമാണ് ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നാണ് സിറാജ് പറയുന്നത്. ഷൊർണൂർ ഇൻസ്പെക്ടർ വി .രവികുമാർമാർ. എസ് ഐ കെ ആർ മോഹൻ ദാസ് , എഎസ്‌ഐമാരായ അനില്‍ കുമാർ കെ, സുഭദ്ര, എസ്‍സിപിഒ സജീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group