Home Featured കപ്പലണ്ടിക്ക് എരിവില്ല,കൊല്ലം ബീച്ചില്‍ കൂട്ട തല്ല്; നിരവധി പേർക്ക് പരിക്ക്

കപ്പലണ്ടിക്ക് എരിവില്ല,കൊല്ലം ബീച്ചില്‍ കൂട്ട തല്ല്; നിരവധി പേർക്ക് പരിക്ക്

by admin

കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തര്‍ക്കം കൊല്ലം ബീച്ചില്‍ കൂട്ടത്തല്ലില്‍ കലാശിച്ചു. ബീച്ചിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

കാറില്‍ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാന്‍ ശ്രമിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. പള്ളിത്തോട്ടത്ത് നിന്ന് കാറില്‍ ബീച്ചില്‍ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പുരുഷന്‍മാരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വഴിയോര കച്ചവടം നടത്തുന്ന വൃദ്ധനില്‍ നിന്ന് ഇയാള്‍ കപ്പലണ്ടി വാങ്ങി. കുറച്ചു കഴിച്ചശേഷം എരിവില്ല എന്നു പറഞ്ഞു തിരികെ കൊടുത്തു. എന്നാല്‍ കപ്പലണ്ടി വാങ്ങാന്‍ കച്ചവടക്കാരന്‍ കൂട്ടാക്കിയില്ല. കോവിഡ് കാലം ആയതിനാല്‍ കപ്പലണ്ടി തിരികെ വാങ്ങാന്‍ ആവില്ലെന്ന നിലപാടിലായിരുന്നു കച്ചവടക്കാരന്‍.

ക്ഷുഭിതനായ യുവാവ് കപ്പലണ്ടി വൃദ്ധന്റെ മുഖത്തേക്ക് വലിച്ചെറിയുകയും തുടര്‍ന്ന് കച്ചവടക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ഇതിനിടയില്‍ ഒരാള്‍ യുവാവിനെ ആക്രമിക്കുകയും ഇടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു.

സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ ചില നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഏറെനേരം പരിശ്രമിച്ച ശേഷമാണ് രംഗം ശാന്തമായത്. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ സംഭവ സ്ഥലത്തിന് അടുത്തായതിനാല്‍ പൊലീസിന് വേഗത്തില്‍ സംഭവ സ്ഥലത്ത് എത്താനും രംഗം ശാന്തമാക്കാനും കഴിഞ്ഞു. വഴിയരികിലെ മത്സ്യ വില്‍പനക്കാരും കൂട്ടത്തല്ലിനിടയില്‍ പെട്ടുപോയി. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് സ്റ്റേഷനിലേക്കും മാറ്റി.

പൊതു സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനാല്‍ സ്വമേധയാ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ കേസ് എടുക്കുമെന്ന് പറഞ്ഞതോടെ ഇരു കൂട്ടരും പരാതിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നു. അമ്മയും മകളും മകനും മരുമകനും ബന്ധുവായ സ്ത്രീയുമാണ് വാഹനത്തിലെത്തിയത്. ഇതില്‍ സംഘര്‍ഷത്തിനിടയ്ക്ക് സാരമായ പരിക്കാണ് അമ്മയുടേത് എന്നാണ് അറിയാന്‍ കഴിഞ്ഞത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group