വിജയദശമി ദിനത്തിൽ അറിവിന്റെ അക്ഷര മുറ്റത്തേയ്ക്ക് ചുവടുവച്ച് കുരുന്നുകൾ. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രങ്ങളിലും മറ്റും പുലർച്ചെ നാല് മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചിരുന്നു. കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും രാഷ്ട്രീയ പ്രമുഖരും മറ്റുമാണ് മിക്ക കേന്ദ്രങ്ങളിലും കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തുന്നത്.കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷവും മിതമായ രീതിയിലായിരുന്നു വിദ്യാരംഭ ചടങ്ങുകൾ നടത്തിയിരുന്നത്.
ഇത്തവണ കൊവിഡ് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ വിപുലമായ രീതിയിലാണ് എല്ലാ കേന്ദ്രങ്ങളിലും ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.കുട്ടികളെ ആദ്യമായി അറിവിന്റെ, അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നത്, ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് അവരുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതി പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം ഉറക്കെ ഉരുവിട്ട്, എഴുതിക്കൊണ്ടാണ്.
നവരാത്രി പൂജയുടെ അവസാന ദിവസം നടത്തുന്ന വിദ്യാരംഭത്തില്‍ കുറിക്കുന്ന ‘ഓം ഹരി ശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം, നാദരൂപിണിയും വിദ്യാദേവതയുമായ സരസ്വതി ദേവിയെ കുറിക്കുന്ന അക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആചാര്യന്മാര്‍ ഈ മന്ത്രത്തെ ഇങ്ങനെ വിശദീകരിക്കുന്നു. ആദ്യത്തേത് – ഹരി എന്നത് പരമാത്മാവിനെ പ്രതിനിധീകരിക്കുന്നു. ശ്രീ എന്നത് പരാശക്തിയെ അല്ലെങ്കില്‍ ഐശ്വര്യത്തിന്റെ ദേവതയെ പ്രതിനിധീകരിക്കുന്നു. ഗണപതി എന്നത് പ്രപഞ്ചത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു.
ഓം എന്നത് പരാശക്തിയില്‍ നിന്ന് ഉത്ഭവിക്കുന്ന പ്രണവ മന്ത്രത്തെ സൂചിപ്പിക്കുന്നു.പരമ്പരാഗതമായി കുട്ടികളുടെ നാവില്‍ തേനില്‍ മുക്കിയ സ്വര്‍ണ്ണം കൊണ്ട് ‘ഹരിശ്രീ’ എന്ന് ഗുരു/ ആചാര്യന്മാര്‍ എഴുതുന്നതിന് പിന്നില്‍ തത്വത്തില്‍ ഒരു നിശബ്ദ പ്രാര്‍ത്ഥനയും ഉള്‍പ്പെടുന്നു- ‘ഈ കുട്ടി പറയുന്നതെന്തും സ്വര്‍ണ്ണം പോലെ വില മതിക്കട്ടെ’ എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. കുട്ടിക്ക് അറിവിന്റെ യാത്ര തടസ്സങ്ങളില്ലാതെ തുടരാന്‍ വിദ്യാദേവതയുടെ കൃപയേയും ഇത് വിളിച്ചോതുന്നു.
അക്ഷരമാല ക്രമത്തില്‍ വ്യഞ്ജനാക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വരാക്ഷരങ്ങളും ശ്രീതത്വം (ഐശ്വര്യം) നല്‍കുന്ന ദേവതയെ നമ്മുക്ക് നമിക്കാം എന്നാണ് മന്ത്രത്തിന്റെ മറ്റൊരു അര്‍ത്ഥം വ്യാഖ്യാനിക്കുന്നത്..ചൂണ്ടുവിരല്‍ ഉപയോഗിച്ച് എഴുതുന്നതിനക്കുറിച്ച് പറയുന്നത് – ചൂണ്ടുവിരല്‍ നമ്മുടെ അഹംബോധത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ്. ഈ ചൂണ്ടുവിരലില്‍ പിടിച്ചാണ് ഗുരു ഒരു കുട്ടിയെ തന്റെ ആദ്യ അക്ഷരങ്ങള്‍ എഴുതാന്‍ പഠിപ്പിക്കുന്നതും, അവനെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതും.
യഥാര്‍ത്ഥ അറിവും ജ്ഞാനവും നേടുന്നതിന് അഹന്തയുടെ ഭാരം ഉപേക്ഷിക്കാനുള്ള ഒരു ദൃഢനിശ്ചയവും ഇതിനുണ്ട്.എല്ലാ വിദ്യാരംഭത്തിലും പ്രായഭേദമന്യേ എല്ലാവരും അടിസ്ഥാന അക്ഷരങ്ങളും പാഠങ്ങളും ഒക്കെ എഴുതുകയും ഉരുവിടുകയും ചെയ്യാറുണ്ട്. ഈ പാരമ്പര്യങ്ങളിലൂടെ, ഉദ്ദേശിക്കുന്നത് നമ്മള്‍ എപ്പോഴും ഒരു തുടക്കക്കാരനായി തുടരേണ്ടതിന്റെ പ്രാധാന്യം, ജാഗ്രതയോടും ക്ഷമയോടും ഉത്സാഹത്തോടും കൂടി, നമുക്ക് നിരന്തരം പഠിക്കാന്‍ കഴിയുന്ന ഒരു പുസ്തകമായി ജീവിതത്തെ സമീപിക്കേണ്ടതിന്റെ ആവശ്യകതയേയും ഒക്കെയാണ്.