ശ്രീകണ്ഠപുരം: അതിർത്തി മലയോര ഗ്രാമങ്ങളിലെ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം തടയാൻ വൈദ്യുതി തൂക്കുവേലിയൊരുങ്ങുന്നു. അടുത്ത മാസം ആദ്യവാരം പണി തുടങ്ങും.
പയ്യാവൂർ പഞ്ചായത്തിന്റെ കർണാടക അതിർത്തി പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ തൂക്കുവേലികൾ സ്ഥാപിക്കാൻ ധാരണയായത്. ആടാംപാറ മുതൽ കാഞ്ഞിരക്കൊല്ലി വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 16 കി.മീ ഭാഗത്താണ് 55 ലക്ഷം രൂപ ചെലവിൽ സൗരോർജ തൂക്കുവേലികൾ നിർമിക്കുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ തുക വനംവകുപ്പിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതായും അതിവേഗം വേലിയൊരുക്കു മെന്നും പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ മാധ്യമത്തോട് പറഞ്ഞു.
കേരള സ്റ്റേറ്റ് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണച്ചുമതല അടുത്തയാഴ്ച പയ്യാവൂർ പഞ്ചായത്തും വനംവകുപ്പും നിർമാണ ഏജൻസിയുമായി കരാർ ഒപ്പിടും. പയ്യാവൂർ പഞ്ചായത്ത് 25 ലക്ഷം, ഇ രിക്കൂർ ർ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം, ജില്ല പഞ്ചായത്ത് 25 ലക്ഷം എന്നിങ്ങനെയാണ് 55 ലക്ഷം പദ്ധതിക്കായി മുടക്കുന്നത്.
പയ്യാവൂരിൽ പരീക്ഷണാർഥം നടത്തുന്ന പദ്ധതി പൂർണ വിജയമായാൽ ജില്ലയിൽ കാട്ടാനയിറങ്ങുന്ന പ്രദേശങ്ങളിലെല്ലാം ഈ സംവിധാനം ഒരുക്കാനാണ് അധികൃതരുടെ തീരുമാനം സംസ്ഥാനത്ത ആദ്യത്തെ തൂക്കുവേലി യാണ് പയ്യാവൂരിലെ അതിർത്തി വനമേഖലയിൽ ഒരുക്കുന്നത്.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വനം മന്ത്രി കെ. രാജു ശ്രീകണ്ഠപുരം മേഖലയിൽ ഏഴ് കിലോമീറ്റർ തൂക്കുവേലി നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. അതിനിടെയാണ് പയ്യാവൂർ പഞ്ചായത്ത് നേരിട്ട് പദ്ധതി നടപ്പാക്കുന്നത്.നേരത്തെ ആടാംപാറയിൽ നിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ആറ് കി.മീ നീളത്തിൽ സൗരോർജ വേലി നിർമിച്ചിരുന്നെങ്കിലും കാട്ടാന ശല്യം പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല. ഏറെ കാലങ്ങളായി കാഞ്ഞിരക്കൊല്ലി വഞ്ചിയം, ആടാംപാറ, അരീക്കമല, ശാന്തിനഗർ, ചന്ദനക്കാംപാറ, നറുക്കും ചീത്ത ഷിമോഗ, ചിറ്റാരി, ഏലപ്പാറ, ചീത്തപാറ തുടങ്ങിയ മേഖലയിലുള്ളവർ കാട്ടാനശല്യം മൂലം പൊറു തിമുട്ടുകയായിരുന്നു. മാസങ്ങൾക്ക് മുമ്ബ് നറുക്കും ചീത്തയിലെ വെട്ടുകാട്ടിൽ സജന്റെ വീട്ടുപറമ്ബിലെത്തി വിള നശിപ്പിച്ച ആനക്കൂട്ടത്തിലെ പിടിയാന ചെരിഞ്ഞിരുന്നു. കഴിഞ്ഞ വർഷവും ഇതേ പ്രദേശത്ത് വീട്ടുപരിസ രത്തെ കുഴിയിൽ വീണ ആന വനപാലകർ രക്ഷിച്ച് മുത്തങ്ങയിലേക്ക് ചികിത്സക്ക് കൊണ്ടുപോകവെ ലോറിയിൽവെച്ച് ചെരിഞ്ഞത് ഏറെ വിവാദവുമായിരുന്നു. കാട്ടാനശല്യം കൂടാതെ കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി എന്നിവയുടെ ശല്യവും രൂക്ഷമാണ്. നിരവധി കർഷകർ കിട്ടിയ വിലയ്ക്ക് സ്ഥലം വിറ്റ് ഇതിനകം കുടിയിറങ്ങിയിട്ടുമുണ്ട്. എല്ലാ മേഖലയിലും സുരക്ഷവേലികൾ ഒരുക്കി വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
മാസങ്ങളോളം മണ്ണിൽ വിയർപ്പൊഴുക്കി വിളയിച്ചെടുത്തതെല്ലാം കാട്ടാനക്കൂട്ടവും മറ്റും നശിപ്പിക്കുമ്ബോൾ കണ്ണീരൊഴുക്കി കഴിയുകയാണ് മലമടക്കുകളിലെ കർഷകർ ജീവൻ പണയപ്പെടുത്തിയാണ് പല കർഷകരും പുല ർച്ചെ റബർ ടാപ്പിങ്ങിനും മറ്റ് പണികൾക്കുമായി ഈ മേഖലയിൽ പുറത്തിറങ്ങുന്നത്.
കഴിഞ്ഞ വർഷം പേരട്ട പെരിങ്കരിയിൽ രാവിലെ പള്ളിയിൽ പോകുന്നതിനിടെ ദമ്ബതികളെ കാട്ടാന ആക്രമിച്ചതും ഗൃഹനാഥൻ മരിച്ചതും ആറളം മേഖലയിൽ കഴിഞ്ഞയാഴ്ച ചെത്തുതൊഴിലാളിയെ ആന ചവിട്ടിക്കൊന്ന തും മലയോരത്തെ ജനങ്ങൾ ഏറെ ഭീതിയോടെയാണ് ഓർക്കുന്നത് ആറളത്ത് കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ 11 പേരുടെ ജീവനുകൾ ആനക്കലിയിൽ നഷ്ടപ്പെട്ടിരുന്നു.