ബെംഗളൂരു: കർണാടകയിലെ ചിത്രകാരൻമാരുടെ കൂട്ടായ്മയായ ‘ആർട്ട് വേവും’ കേരളത്തിലെ ചിത്രകാരൻമാരുടെ കൂട്ടായ്മയായ ‘വരഗ്രീൻ ആർട്ടിസ്റ്റ് കമ്യൂണും’ സംയുക്തമായി ബെംഗളൂരുവിൽ ചിത്രകലാ ക്യാമ്പ് നടത്തുന്നു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ബെംഗളൂരു മടിവാള ലേക്ക്‌ഷോർ പാർക്കിലാണ് ഇരു സംസ്ഥാനങ്ങളിലേയും പ്രമുഖ ചിത്രകാരൻമാർ പങ്കെടുക്കുന്ന ‘ബാൻ ഗ്ലോബ് ട്രോട്ട്’ എന്ന പേരിൽ ക്യാമ്പ് നടക്കുന്നത്.
കേരളത്തിലെ പതിനഞ്ച് കലാകാരന്മാരും കർണാടകയിലെ ഏഴ് കലാകരന്മാരും കാൻവാസിൽ വർണവിസ്മയങ്ങളൊരുക്കും. വെള്ളിയാഴ്ച ഉച്ചക്ക് 1.30- ന് ഉദ്ഘാടന ചടങ്ങ് നടക്കും. കലാസൃഷ്ടികൾ പിന്നീട് നഗരത്തിലെ പ്രമുഖ ഗാലറിയിൽ പ്രദർശിപ്പിക്കും. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രകാരൻമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. പ്രശസ്ത ചിത്രകാരൻമാരായ ജോഷി പേരാമ്പ്ര, ഷെഫീക്ക് പുനത്തിൽ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
പേ ആൻഡ് പാർക്കിങ് സംവിധാനം പരിശോധിക്കാൻ മൈസൂരു കോർപ്പറേഷൻ കൗൺസിൽ
മൈസൂരു: നഗരത്തിൽ പേ ആൻഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്ന പദ്ധതി മൈസൂരു കോർപ്പറേഷൻ കൗൺസിൽ വീണ്ടും ചർച്ചചെയ്യുന്നു. വെള്ളിയാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിലാണ് വിഷയം ചർച്ചചെയ്യുക. വാഹനപാർക്കിങ് പ്രശ്നത്തിന് പരിഹാരംകാണാൻ കോർപ്പറേഷൻ ഏറെക്കാലമായി നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിയാണ് പേ ആൻഡ് പാർക്കിങ്.
നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഡി.ഡി. അരശ് റോഡിലാണ് പേ ആൻഡ് പാർക്കിങ് ആദ്യം നടപ്പാക്കാൻ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഒട്ടേറെത്തവണ ചർച്ചകൾ നടന്നിരുന്നെങ്കിലും പദ്ധതി യാഥാർഥ്യമായില്ല. കടയുടമസ്ഥരിൽ ഒരുവിഭാഗത്തിന്റെ എതിർപ്പാണ് പ്രധാനകാരണം. എതിർപ്പ് ഉയർത്തിയവരെ അനുനയിപ്പിക്കാനോ മറികടക്കാനോ കോർപ്പറേഷന് ഇതുവരെ സാധിച്ചിട്ടില്ല.
നിലവിൽ, നൂറിലധികം കാറുകൾ പാർക്കുചെയ്യാനുള്ള സ്ഥലം ഡി.ഡി. അരശ് റോഡിലുണ്ട്. എന്നാൽ, പ്രദേശത്തെ കടയുടമസ്ഥരുടെ കാറുകളാണ് ഇവിടെ പാർക്കുചെയ്യുന്നതിൽ ഭൂരിഭാഗവും. ഇതുകാരണം ഉപഭോക്താക്കൾക്കും സന്ദർശകർക്കും അവരുടെ വാഹനങ്ങൾ പാർക്കുചെയ്യാൻ മതിയായ സ്ഥലമില്ലാതെ വരുന്നു. പേ ആൻഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയാൽ കടയുടമസ്ഥരും പണം നൽകേണ്ടിവരും.
ഇതാണ് ഇവരുടെ എതിർപ്പിനു പിന്നിൽ. എന്നാൽ, പേ ആൻഡ് പാർക്കിങ് സംവിധാനം യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന് മേയർ ശിവകുമാർ അവകാശപ്പെട്ടു. അതേസമയം, ബഹുനില പാർക്കിങ് സമുച്ചയം നിർമിക്കാനുള്ള പദ്ധതിയുമായി കോർപ്പറേഷൻ മുന്നോട്ടുപോകുന്നുണ്ട്.
ഡി.ഡി. അരശ് റോഡിനുസമീപത്തെ വിനോബാ റോഡിലുള്ള നഞ്ചരാജ ബഹാദുർ ചൗൾട്രിക്ക് പിന്നിലെ സ്ഥലമാണ് സമുച്ചയത്തിനായി തിരഞ്ഞെടുത്തത്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനുമുന്നിൽ സമുച്ചയം നിർമിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ, ഇതുനടക്കാതെ വന്നതോടെ വിനോബാ റോഡ് തിരഞ്ഞെടുക്കുകയായിരുന്നു.