തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധിയാണ്. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യം. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദഗ്ധ ഡോക്ടർ സംഘമായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. രാഹുൽ ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കൾ ബംഗ്ലൂരുലെ ആശുപത്രിയിലേക്ക് ഉടൻ എത്തും. പ്രതിപക്ഷ യോഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺഗ്രസ് നേതാക്കളെല്ലാം ബെംഗളൂരുവിലുണ്ട്.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഖസൂചകമായി സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീക്ഷകള്‍ മാറ്റിയത്.കാലിക്കറ്റ് സർവകലാശാല 18 – 07-23 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22- 07-23 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല. ഇന്നത്തെ (ജൂലൈ 18 ) മൂല്യനിർണയ ക്യാമ്പുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. പൊതു അവധി പ്രഖ്യാപിച്ചതിനാൽ സാങ്കേതിക സർവകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചു. കുസാറ്റും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി അറിയിച്ചു. കേരള സർവ്വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഇന്ന് രാവിലെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ക്യാൻസർ ബാധിതനായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സർക്കാർ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖചാരണവും പ്രഖ്യാപിച്ചിട്ടുണ്ട്.