Home covid19 പിടി വിടാതെ കോവിഡ്; കേരളത്തിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 41,971 പുതിയ കോവിഡ് കേസുകൾ

പിടി വിടാതെ കോവിഡ്; കേരളത്തിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 41,971 പുതിയ കോവിഡ് കേസുകൾ

by admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 64 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 5746 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളത്ത് അയ്യായിരത്തിന് മുകളിലാണ് പ്രതിദിന കണക്ക്. തിരുവനന്തപുരത്തും മലപ്പുറത്തും നാലായിരത്തിന് മുകളിലും.

ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ക്കോട് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്ബിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂര്‍ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂര്‍ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസര്‍ഗോഡ് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

127 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 40, കാസര്‍ഗോഡ് 18, എറണാകുളം 17, തൃശൂര്‍, വയനാട് 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട 8 വീതം, കൊല്ലം 6, പാലക്കാട് 5, കോഴിക്കോട് 3, ഇടുക്കി 2, കോട്ടയം മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

27,456 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2403, കൊല്ലം 1412, പത്തനംതിട്ട 478, ആലപ്പുഴ 772, കോട്ടയം 1404, ഇടുക്കി 316, എറണാകുളം 4052, തൃശൂര്‍ 1686, പാലക്കാട് 3487, മലപ്പുറം 3388, കോഴിക്കോട് 4991, വയനാട് 591, കണ്ണൂര്‍ 1856, കാസര്‍ഗോഡ് 620 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,17,101പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 14,43,633 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,81,007 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,50,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,324 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 788 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തത്സമയം

മുഖ്യമന്ത്രിയുടെ വാക്കുകള്‍

രണ്ടാം തരംഗത്തില്‍ നാം കൂടുതല്‍ വെല്ലുവിളി നേരിടുന്നു. തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത്. നിര്‍ണായക പങ്ക് വഹിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തി. ജനത്തെ അണിനിരത്തി സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രതിരോധം തീര്‍ക്കാന്‍ എല്ലാ കഴിവും ഉപയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു

രണ്ടാം ഘട്ടത്തില്‍ പ്രതിരോധത്തിന് സഹായകരമായി ചില ഘടകങ്ങളുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് വാക്സീന്‍ നല്‍കാനായത് അനുകൂല സാഹചര്യമാണ്. 45 വയസിന് മുകളിലുള്ളവരുടെ വാക്സീനേഷനും ആരംഭിച്ചു. വാക്സീന്‍ എടുത്തത് കൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ല. തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവര്‍ക്കും വാക്സീന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയവും അടിയന്തിര കടമയും.

വലിയ തോതില്‍ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളും ഉണ്ട്. ചില തദ്ദേശ സ്ഥാപന പരിധിയില്‍ ടിപിആര്‍ വളരെ കൂടുതലാണ്. ഒരു ഘട്ടത്തില്‍ ടിപിആര്‍ 28 ശതമാനം വരെ ഉയര്‍ന്നിരുന്നു. അതില്‍ കുറവുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ല. ചില തദ്ദേശ സ്ഥാപന പരിധിയില്‍ ചികിത്സാ സൗകര്യങ്ങളുടെ കുറവ് കാണുന്നുണ്ട്. സിഎഫ്‌എല്‍ടിസികളോ, സിഎല്‍ടിസികളോ, ഡിസിസികളോ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇത്തരം കുറവ് അടിയന്തിരമായി പരിഹരിക്കണം.

കൊവിഡ് ചികിത്സാ കേന്ദ്രം തുറക്കാന്‍ അനുയോജ്യമായ സ്ഥലം മുന്നേ കണ്ടെത്തി ഒരുക്കം തുടങ്ങണം. ആവശ്യം വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സാ കേന്ദ്രം തുറക്കാനാവണം. ആവശ്യത്തിന് ആരോഗ്യ-സന്നദ്ധ-ശുചീകരണ പ്രവര്‍ത്തകരെയും കണ്ടെത്തണം. ആദ്യ ഘട്ടത്തില്‍ വാര്‍ഡ് തല സമിതി നന്നായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പലയിടത്തും വാര്‍ഡ് തല സമിതി സജീവമല്ല. ഇതിപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവന്‍ വാര്‍ഡിലും സമിതികള്‍ രൂപീകരിക്കണം. ഈ സമിതി അംഗങ്ങള്‍ വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച്‌ വിലയിരുത്തല്‍ നടത്തണം. വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി തദ്ദേശ സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം

ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സഹായം വേണമെങ്കില്‍ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാനാവും. ബോധവത്കരണം പ്രധാനമാണ്. ഓരോ വ്യക്തിയും കുടുംബവും സ്വീകരിക്കേണ്ട മുന്‍കരുതലിനെ കുറിച്ച്‌ ബോധവത്കരണം ആവശ്യമാണ്. ഉത്തരവാദിത്തം വാര്‍ഡ് തല സമിതി ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് ഫലപ്രദമായി ഉപയോഗിക്കാനാവും.

ആംബുലന്‍സ് സേവനം വാര്‍ഡ് തല സമിതി ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലന്‍സിന്‍്റെ പട്ടിക തയ്യാറാക്കണം. ആംബുലന്‍സ് തികയില്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനത്തിന്‍്റെ പട്ടിക വേണം. ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കണം. ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് കരുതണം. കിട്ടാത്തവ എത്തിക്കണം, മെഡിക്കല്‍ ഉപകരണം ആവശ്യത്തിനുണ്ടോയെന്ന് ഉറപ്പാക്കണം. ഉപകരണങ്ങള്‍ക്ക് അമിത വില ഈടാക്കുന്നെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ അത്തരം കാര്യങ്ങള്‍ കൊണ്ട് വരണം.

പള്‍സ് ഓക്സിമീറ്ററിനും മാസ്കിനും അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കും. വാക്സീനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാനും വാര്‍ഡ് സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാനാവണം. ശവശരീരം മാനദണ്ഡം പാലിച്ച്‌ മറവ് ചെയ്യാനുള്ള സഹായം വാര്‍ഡ് തല സമിതി നല്‍കണം. പള്‍സ് ഓക്സി മീറ്ററുകള്‍ ശേഖരിച്ച്‌ അതിന്റെ ഒരു പൂളുണ്ടാക്കാനും വാര്‍ഡ് തല സമിതി നേതൃത്വം നല്‍കണം.

അനാവശ്യ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാന്‍ പൊലീസിനെയോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കണം. വാര്‍ഡ് തല സമിതി അംഗങ്ങള്‍ കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകരാണ്. 18 – 45 വാക്സീനേഷനില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കണം. മെഡിക്കല്‍, പാരാമെഡിക്കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കണം. വയോജനം കേരളത്തില്‍ കൂടുതലാണ്. പലരും മറ്റ് രോഗങ്ങള്‍ ഉള്ളവരാണ്.

പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കണം. മെഡിക്കല്‍, പാരാമെഡിക്കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കണം. വയോജനം കേരളത്തില്‍ കൂടുതലാണ്. പലരും മറ്റ് രോഗങ്ങള്‍ ഉള്ളവരാണ് അശരണരും കിടപ്പ് രോഗികളുമുണ്ട്. ഇവരുടെ പട്ടിക വാര്‍ഡ് തല സമിതി നോക്കണം.

പ്രാദേശിക തലത്തില്‍ കണ്‍ട്രോള്‍ റൂമും മെഡിക്കല്‍ ടീമും രൂപീകരിക്കണം. സ്വകാര്യ-സര്‍ക്കാര്‍ ഡോക്ടര്‍മാരെ അതത് തദ്ദേശ സ്ഥാപന പരിധിയിലെ മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെടുത്താം. എല്ലാം വേഗത്തിലാക്കാനായാല്‍ ഒരുപാടുപേരെ മരണത്തില്‍ നിന്ന് രക്ഷിക്കാനാവും. ആര്‍ക്കും സംസ്ഥാനത്ത് ഭക്ഷണവും ചികിത്സയും കിട്ടാതാവരുത്. മരുന്നും അവശ്യ വസ്തുക്കളും വേണ്ടവര്‍ ഒട്ടേറെയുണ്ട്. അവര്‍ക്ക് അത് എത്തിച്ച്‌ കൊടുക്കണം. പട്ടിണി കിടക്കാന്‍ വരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം.

യാചകര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണം. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. പട്ടണങ്ങളിലും മറ്റും വീടുകളിലല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരക്കാര്‍ക്ക് ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കണം. ജനകീയ ഹോട്ടലുകളില്‍ അതുവഴി ഭക്ഷണം നല്‍കാനാവും. ഇല്ലാത്തിടത്ത് സമൂഹ അടുക്കള തുറക്കണം.

ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണം. അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കരുത്. പോസിറ്റീവായവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റിപ്പാര്‍പ്പിക്കണം.

നിര്‍മ്മാണ തൊഴിലാളികള്‍ സൈറ്റില്‍ തന്നെ താമസിക്കണം. അല്ലെങ്കില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പ് മേല്‍നോട്ടം വഹിക്കും. ഭക്ഷണ പ്രശ്നം തദ്ദേശ സമിതികള്‍ ശ്രദ്ധിക്കണം.

ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലന്‍സിന് പുറമെ മറ്റ് വാഹനങ്ങളും ഉണ്ടാകണം. പഞ്ചായത്തില്‍ അഞ്ചും നഗരസഭയില്‍ പത്തും വാഹനം ഈ രീതിയില്‍ ഉണ്ടാകണം. ഓക്സിജന്‍ അളവ് നോക്കല്‍ പ്രധാനമാണ്. വാര്‍ഡ് തല സമിതിയുടെ പക്കല്‍ പള്‍സ് ഓക്സി മീറ്റര്‍ കരുതണം.

ഒരു വാര്‍ഡ് തല സമിതിയുടെ പക്കല്‍ അഞ്ച് പള്‍സ് ഓക്സി മീറ്റര്‍ ഉണ്ടാകണം. പഞ്ചായത്ത് നഗരസഭ തലത്തില്‍ ഒരു കോര്‍ ടീം വേണം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നേതൃത്വം. സെക്രട്ടറി, എസ്‌എച്ച്‌ഒ, സെക്ടറല്‍ മജിസ്ട്രേറ്റ് തുടങ്ങിയവര്‍ ഉണ്ടാകും. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉള്‍പ്പെടുത്താം.

മഴക്കാല പൂര്‍വ ശുചീകരണത്തിലും ശ്രദ്ധിക്കണം. പ്രത്യേകിച്ച്‌ മാര്‍ക്കറ്റുകള്‍ ശുചിയാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. സര്‍ക്കാര്‍ നിര്‍ദ്ദേശം അടിയന്തിരമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്താല്‍ എല്ലാം ഭംഗിയാകും. വ്യക്തിക്ക് കൊവിഡ് ബാധിച്ചാല്‍ ഏത് രീതിയിലാണ് രോഗിയും ആരോഗ്യ സംവിധാനവും പ്രവര്‍ത്തിക്കേണ്ടത് എന്നതിന് കൃത്യമായ രീതി രൂപപ്പെടുത്തി.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ പ്രയാസമുള്ളവര്‍ വാര്‍ഡ് തല സമിതിയെ ബന്ധപ്പെടണം. തദ്ദേശ സ്ഥാപനം സജ്ജീകരിച്ച ഡൊമിസിലിയറി കെയര്‍ സെന്റര്‍ അവര്‍ക്ക് വേണ്ടി ലഭ്യമാക്കും.

രോഗബാധിതരാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും സാധാരണ ഗതിയില്‍ പ്രൈമറി കോണ്ടാക്ടായിരിക്കും. അവര്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന് ഉറപ്പുവരുത്തേണ്ടത് വാര്‍ഡ് തല സമിതിയുടെ ഉത്തരവാദിത്തമാണ്. രോഗികളാകുന്നവര്‍ അവരുടെ വാര്‍ഡ് മെമ്ബറുടെ നമ്ബര്‍ കൈയ്യില്‍ കരുതണം. വീടുകളില്‍ കഴിയുന്നവര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടാല്‍ അവരെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണം. അത്തരം ഘട്ടത്തില്‍ ഉടനെ ചെയ്യേണ്ടത് റാപിഡ് റെസ്പോണ്‍സ് ടീമിനെ വിവരം അറിയിക്കണം. ആര്‍ആര്‍ടി വിവരം ജില്ലാ കണ്‍ട്രോള്‍ യൂണിറ്റ് ഷിഫ്റ്റിങ് ടീമിനെ അറിയിക്കും. രോഗാവസ്ഥയുടെ സ്വഭാവം അനുസരിച്ച്‌ ഷിഫ്റ്റിങ് ടീം രോഗിയെ എങ്ങോട്ട് മാറ്റണമെന്ന് തീരുമാനിക്കും, മാറ്റും. ഇതിനായി ആംബുലന്‍സുകള്‍ എല്ലായിടത്തും വിന്യസിച്ചു. പഞ്ചായത്തുകളുടെ കീഴിലെ ആംബുലന്‍സുകള്‍ മറ്റ് വാഹനങ്ങള്‍ എന്നിവ കേന്ദ്രീകൃത പൂളില്‍ ഏര്‍പ്പെടുത്തി കൂടുതല്‍ ശക്തമാക്കി.

ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഷിഫ്റ്റിങ് നോഡല്‍ ഓഫീസറെ നിയമിച്ചു. ഓരോ വാര്‍ഡ് സമിതിയും കഴിയുമെങ്കില്‍ ആരോഗ്യ സന്നദ്ധ സേന രൂപീകരിക്കണം. വയോമിത്രം യൂണിറ്റുകളുടെ സേവനം ഉപയോഗിക്കാം. നിലവില്‍ 106 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളാണ് ഈ പദ്ധതിയുടെ ഭാഗമായുള്ളത്. രോഗികളെ ആശുപത്രിയിലേക്ക് മാറ്റുമ്ബോള്‍ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം ജില്ലാ കണ്‍ട്രോള്‍ സെന്ററാണ് നല്‍കുക.

എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെയും ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ ഇത്തരം കാര്യങ്ങളെല്ലാം ജില്ലാ കണ്‍ട്രോള്‍ സെന്ററില്‍ നിരന്തരം അപ്ഡേറ്റ് ചെയ്യണം. ഇത് പരിഗണിച്ചാവും രോഗിയെ മാറ്റുന്നത്. ഓരോ പഞ്ചായത്തിലും കൊവിഡ് കോള്‍ സെന്റര്‍ ഉടനടി പ്രവര്‍ത്തനം തുടങ്ങും. ഇവ അതത് ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുമായി പ്രവര്‍ത്തിക്കും. ആ ഏകോപനം ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കും.

സ്വകാര്യ ക്ലിനിക്കില്‍ ചിലതെല്ലാം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് ടെസ്റ്റിന് ആവശ്യമായ സ്വാബുകള്‍ ശേഖരിക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലുമൊന്നും വീഴ്ചയുണ്ടാകരുത്. അത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കര്‍ശനമായ നിയമ നടപടികള്‍ ഇത്തരം സ്ഥാപനങ്ങള്‍ നേരിടേണ്ടി വരും.

ഡോക്ടര്‍മാരുടെ എണ്ണം അടിയന്തിരമായി വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി നോണ്‍ അക്കാദമിക് കേഡറായി ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചവര്‍ ഉടന്‍ ചുമതലയേല്‍ക്കണം.

അടിയന്തിര ഘട്ടങ്ങളിലെ യാത്രക്ക് ഉള്ള പോലീസ് പാസിന് ഇപ്പോള്‍ മുതല്‍ ഓണ്‍ ലൈനില്‍ അപേക്ഷിക്കാം. അടിയന്തിര ഘട്ടത്തില്‍ യാത്ര ചെയ്യാന്‍ വളരെ അത്യാവശ്യക്കാര്‍ മാത്രമേ പാസിന് അപേക്ഷിക്കാവൂ. അവശ്യ സര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. ഇവര്‍ക്ക് വേണ്ടി തൊഴില്‍ ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. ജില്ല വിട്ടുള്ള യാത്ര പൊതുവെ നിരുത്സാഹപ്പെടുത്തും. മരണം, രോഗിയെ കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്കേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. സത്യവാങ്മൂലത്തിന്റെ മാതൃക വെബ്സൈറ്റില്‍ കിട്ടും. വെള്ളപേപ്പറില്‍ സത്യവാങ്മൂലം എഴുതിയാല്‍ മതി. വാക്സീന്‍ കേന്ദ്രത്തില്‍ ജനം കൂട്ടം കൂടരുത്.

കൊവിഡ് വാക്സീനും മരുന്നും വിദേശത്ത് നിന്ന് ശേഖരിക്കാന്‍ നോര്‍ക്കാ റൂട്ട്സ് ശ്രമം തുടങ്ങി. ഈ ഉദ്യമത്തില്‍ പ്രവാസികള്‍ പങ്കാളികളാവണം. പല പ്രദേശത്ത് നിന്നും സഹായം വരുന്നുണ്ട്. വിദേശത്തുനിന്നുള്ള സഹായത്തിന്റെ ഏകോപന ആവശ്യത്തിന് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതി പ്രവര്‍ത്തിക്കും.

ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കും. 600 ഓളം പേര്‍ക്ക്പരോള്‍ അനുവദിച്ചു. ഒന്നാം ഘട്ടത്തില്‍ 1800 പേര്‍ക്ക് ഇളവ് നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജസ്റ്റിസ് അടങ്ങിയ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600 വിചാരണ, റിമാന്‍ഡ് തടവുകാര്‍ക്ക് ഇളവുണ്ടാകും. ലോക്ഡൗണ്‍ സഹകരണം നല്ല രീതിയില്‍ ഉണ്ടായി. അത് തുടര്‍ന്നും ഉണ്ടാകണം എന്നാണ് അഭ്യര്‍ത്ഥിക്കുന്നത്.

ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ എല്ലാ നടപടിയും സ്വീകരിച്ചു. മൂന്നാല് ദിവസത്തേക്കുള്ള ഓക്സിജന്‍ ആവശ്യത്തിന് കരുതലുണ്ട്. എന്നാല്‍ ചില സ്ഥലത്ത് ചില ആശുപത്രികള്‍ സംവിധാനവുമായി ബന്ധപ്പെടാതെ നില്‍ക്കുന്നുണ്ട്. അവര്‍ പെട്ടെന്നാണ് ആവശ്യം പറയുന്നത്. ഓക്സിജന്‍ വലിയ അളവില്‍ വേണ്ടി വരും. നടപടി എടുക്കുന്നുണ്ട്. ഓക്സിജന്‍ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വര്‍ധനവുണ്ടാവുമ്ബോള്‍ സ്റ്റോക്ക് ചെയ്യാനാണ്. ഇപ്പോള്‍ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. പലരും ഓക്സിജന്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടും. അത് മെറിറ്റ് അടിസ്ഥാനത്തില്‍ നടപടിയെടുക്കും.

വിദേശത്ത് എടുത്ത വാക്സീന്റെ രണ്ടാം ഡോസ് എടുക്കാന്‍ വിദേശത്ത് തന്നെ പോകേണ്ടി വരും. ചികിത്സയ്ക്ക് അതിര്‍ത്തി വിട്ട് പോകാന്‍ ഇപ്പോള്‍ തടസമില്ല.

വാക്സീന്‍ ആവശ്യത്തിന് ഇല്ലാത്തത് കൊണ്ടാണ് വാക്സീന്‍ കിട്ടാത്തത്. വാക്സീന്‍ ലഭ്യമാകുന്ന മുറയ്ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ നടപടിയെടുക്കും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group