ബംഗളൂരു: അയല്‍ സംസ്ഥാനമായ തമിഴ്നാടിന് 8000 ക്യുസെക്സ് ജലം കാവേരി നദിയില്‍ നിന്ന് വിട്ടു നല്‍കാൻ കർണാടക സന്നദ്ധമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ജൂലൈ അവസാനം വരെ തമിഴ്‌നാടിന് പ്രതിദിനം ഒരു ടി.എം.സി കാവേരി നദീജലം വിട്ടുനല്‍കണമെന്ന കാവേരി ജല നിയന്ത്രണ അതോറിറ്റിയുടെ (സി.ഡബ്ല്യു.ആർ.സി) നിർദേശത്തിന് ബദലായാണ് കർണാടകയുടെ നിർദേശം. ഇതുസംബന്ധിച്ച് ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് കർണാടക നിലപാട് പ്രഖ്യാപിച്ചത്.
കാവേരി നദിയിലെ അണക്കെട്ടില്‍ 63 ശതമാനം ജലം മാത്രമാണുള്ളതെന്നും ഈ സാഹചര്യത്തില്‍ ദിനംപ്രതി ഒരു ടി.എം.സി ജലം നല്‍കാനാവില്ലെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു ടി.എം.സി ജലം എന്നാല്‍, 11500 ക്യുസെക്സ് ജലമാണ്. എന്നാല്‍, 8000 ക്യുസെക്സ് ജലം മാത്രമേ തമിഴ്നാടിന് വിട്ടുനല്‍കാനാവൂ എന്നതാണ് എല്ലാ പാർട്ടികളുടെയും തീരുമാനം. തമിഴ്നാടിന് ജലം വിട്ടുനല്‍കില്ലെന്ന് കർണാടക പറയില്ല. അത് കാവേരി ട്രൈബ്യൂണലിനോടുള്ള അനാദരവാകും. 8000 ക്യുസെക്സ് ജലം നല്‍കാൻ ഞങ്ങള്‍ തയാറാണ്. നല്ല മഴ ലഭിച്ചാല്‍ ഒരു ടി.എം.സി ജലം നല്‍കാനാവും. മഴ കുറഞ്ഞാല്‍ വിട്ടു നല്‍കുന്ന ജലത്തിന്റെ അളവും കുറക്കും. ഇതുസംബന്ധിച്ച് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയില്‍ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാധാരണ ജൂണ്‍ മാസത്തില്‍ 9.14 ടി.എം.സി ജലവും ജൂലൈയില്‍ 31.24 ടി.എം.സി ജലവും തമിഴ്നാടിന് വിട്ടുനല്‍കേണ്ടതുണ്ട്. കബനി ഡാമില്‍ അധിക ജലം സംഭരിക്കാൻ ശേഷിയില്ലാത്തതിനാല്‍ കഴിഞ്ഞ വെള്ളിയാഴ്ച 20,000 ക്യുസെക്സ് ജലവും ശനിയാഴ്ച 19,000 ക്യുസെക്സ് ജലവും ബിലിഗുണ്ട്‍ലുവിലൂടെ തമിഴ്നാടിലേക്ക് ഒഴുക്കിയിരുന്നു. കാവേരി നദീതടത്തിലെ നാല് റിസർവോയറുകളിലുമായി ആകെ 60 ടി.എം.സി അടി വെള്ളം മാത്രമേ ലഭ്യമായുള്ളൂ. സംസ്ഥാനത്തെ കാർഷിക പ്രവർത്തനങ്ങള്‍ക്കും കുടിവെള്ള ഉപയോഗത്തിനും ഇതില്‍നിന്ന് വെള്ളം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിമാർ, സംസ്ഥാനത്തെ ലോക്‌സഭാ, രാജ്യസഭാ അംഗങ്ങള്‍, കാവേരി നദീതട മേഖലയിലെ എം.എല്‍.എമാർ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് ആർ. അശോക, ജെ.ഡി-എസ് എം.എല്‍.എ ജി.ടി. ദേവഗൗഡ, മുൻ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, എം.പിമാർ, എം.എല്‍.എമാർ, കർഷക പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.