ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നത് നിർത്തിവെക്കണമെന്നാവശ്യം ശക്തമാക്കി കന്നഡ അനുകൂല സംഘടനകൾ. തമിഴ്നാട് അതിർത്തികളിൽ വാഹനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തൽ, തമിഴ് ചിത്രങ്ങളുടെ പ്രദർശനം തടയൽ എന്നിങ്ങനെ വരുദിവസങ്ങളിൽ വിവിധ പ്രതിഷേധ പരിപാടികളാണ് കന്നഡ അനുകൂല സംഘടനകൾ ആസൂത്രണം ചെയ്തത്. വാട്ടാൽ നാഗരാജിന്റെ കന്നഡ ചലാവലി, കന്നഡ സേന എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ബെംഗളൂരുവിൽ കഴിയുന്ന തമിഴ് വംശജർ ഏറെ കുടിക്കുന്നത് കാവേരി ജലമാണെന്നും ഇവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചു വിളിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തയ്യാറാകണമെന്നും വാട്ടാൽ നാഗരാജ് പറഞ്ഞു.
മാണ്ഡ്യയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം കന്നഡ സേന പ്രവർത്തകർ ബൈക്ക് റാലി അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കെ.ആർ.എസ്. ഡാം പരിസരത്ത് നടത്തിയ പ്രതിഷേധത്തിൽ കർഷകരടക്കം നിരവധി പേർ പങ്കെടുത്തു.
കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരമാണ് പ്രതിദിനം 5000 ക്യൂസെക് ജലം ഓഗസ്റ്റ് 30 മുതൽ കർണാടക തമിഴ്നാടിന് വിട്ടുകൊടുക്കാൻ തുടങ്ങിയത്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാകാൻ സാധ്യതയുള്ളതിനാൽ മാണ്ഡ്യ, ചാമരാജനഗർ, കെ.ആർ. എസ് ഡാം എന്നിവിടങ്ങളിൽ കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.