ബെംഗളൂരു: മെയ് 15 ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ച ഇത്തവണത്തെ എസ്എസ്എൽസി ഫലം നാല് ദിവസം വൈകുമെന്ന് പുതിയ റിപ്പോർട്ട്.പ്രതീക്ഷിച്ചതിലും വളരെ നേരത്തെ മൂല്യ നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങൾ മൂല്യ നിർണായത്തിലെ ചെറിയ പിഴവുകളും മറ്റും തിരുത്താൻ ചെലവഴിക്കും.
പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷുമായി ആലോചിച്ച് ഫലം പ്രസിദ്ധീകരിക്കാനാണ് ബോർഡ് അധികൃതരുടെ തീരുമാനം. മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെയായിരുന്നു എസ്എസ്എൽസി പരീക്ഷ നടന്നത്. സംസ്ഥാനത്ത് ആകെ 15,387 സ്കൂളുകളിൽ നിന്നായി 8.73 ലക്ഷം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
സംസ്ഥാനത്തൊട്ടാകെ 3,446 പരീക്ഷാ കേന്ദ്രങ്ങളായിരുന്നു. 234 കേന്ദ്രങ്ങളിലായി 63,796 അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുത്തത്.