ബെംഗളൂരു: റായ്ചൂരുവിൽ പള്ളിയിലേക്ക് മദ്യക്കുപ്പികളെറിഞ്ഞ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. റായ്ചൂരുവിലെ സിരവര സ്വദേശികളായ എൻ.ബി. സാഗർ (23), ആർ. ബസവ (24), കെ.എൻ. വിജയ്(25), ബി.ആർ. രംഗനാഥ് (25), എൻ.എസ്. സുരേഷ് (22), ബി.കെ. സബയ്യ (22) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.
സിരവര ടൗണിലെ ഫിർദൗസി മസ്ജിദിനുനേർക്കാണ് അതിക്രമമുണ്ടായത്. മസ്ജിദിനു സമീപത്തുനിന്ന് മദ്യപിച്ചശേഷം ഇവർ കുപ്പികൾ അകത്തേക്ക് വലിച്ചെറിയുകയായിരുന്നെന്ന് സിരവര പോലീസ് പറഞ്ഞു.മസ്ജിദിൽനിന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.